മലയാളത്തിലെ ടിവി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അന്‍ഷിത അഞ്ജി. നിരവധി ടിവി ഷോയിലൂടെയും ഹിറ്റ് സീരിയലുകള്‍ ചെയ്ത താരത്തിനെ എല്ലാവര്‍ക്കും സുപരിചിതയാണ്. ചെല്ലമ്മ എന്ന സീരിയലിലൂടെ തമിഴകത്തും ഏറെ പരിചിതയാണ് അന്‍ഷിത.ഇപ്പോഴിതാ, ഒരു തമിഴ് യൂട്യൂബ് ചാനലിന് താരം നല്‍കിയിരിക്കുന്ന അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇരുപത്തിയേഴുകാരിയായ അന്‍ഷിത ഇന്ന് മലയാളം, തമിഴ് സീരിയല്‍ രംഗത്ത് തിരക്കുള്ള അഭിനേത്രിയാണ്. 2019ല്‍ കബനി എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. എന്നാല്‍ ജനശ്രദ്ധ നേടിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കൂടെവിടെയില്‍ നായിക കഥാപാത്രമായ സൂര്യ കൈമളായി അഭിനയിച്ചപ്പോള്‍ മുതലാണ്.
നടന്‍ അര്‍ണവുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വലിയ വിമര്‍ശനം അന്‍ഷിതയ്ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസ് തമിഴ് എട്ടാം സീസണില്‍ മത്സരാര്‍ത്ഥിയായെത്തിയ ശേഷം അന്‍ഷിതയുടെ ജനപ്രീതി കൂടി. കരിയറിലേക്കുള്ള കടന്ന് വരവിനെക്കുറിച്ചും തന്റെ ജീവിതത്തിനെക്കുറിച്ചും സംസാരിക്കുകയാണ് അന്‍ഷിത ഇപ്പോള്‍.
പത്താം ക്ലാസ് കഴിഞ്ഞ് ഞാന്‍ ഈ ഫീല്‍ഡിലേക്ക് വന്നു. അന്ന് എനിക്ക് അഭിനയം ഇഷ്ടമല്ല. എന്നാല്‍ അമ്മയ്ക്കും അമ്മയുടെ അമ്മയ്ക്കും വളരെ ഇഷ്ടമാണ്. 18-19 വയസിനുള്ളില്‍ പൂര്‍ണമായും ഈ ഫീല്‍ഡിലായി. ആ പ്രായം മുതല്‍ ഞാന്‍ കുടുംബം നോക്കുന്നു. ആളുകളെ വിശ്വസിക്കുന്നതില്‍ സൂക്ഷിക്കണമെന്ന് അമ്മ പറയും. ഞാന്‍ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കും. അതിന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോള്‍ ഓക്കെയാണെന്ന് കരുതുന്നെന്നും അന്‍ഷിത വ്യക്തമാക്കി.
കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് വല്ലാത്ത ദേഷ്യമായിരുന്നുവെന്നും അതുകൊണ്ട് കുറച്ച് കാലം അകലം പാലിച്ചാണ് നടന്നതെന്നും താരം പറയുന്നു. എന്റെ അച്ഛന്‍ നല്ല വ്യക്തിയാണ്. അമ്മയും അച്ഛനും ഒത്ത് പോകാന്‍ പറ്റാത്തതിനാല്‍ പിരിഞ്ഞെന്നേയുള്ളൂ. അച്ഛനെ അമ്മയും ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. ഞാനാണ് അച്ഛനില്‍ നിന്നും കുറച്ച് കാലം അകലം പാലിച്ചത്. കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു. എനിക്ക് അച്ഛനും അമ്മയും ഒരുമിച്ച് വേണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴും എല്ലാവരെയും ഒരുമിച്ച് വേണം. നിനക്കും അച്ഛനുമിടയില്‍ പ്രശ്‌നങ്ങളില്ല,
ഞങ്ങള്‍ക്കിടയിലാണ് പ്രശ്‌നം, അതുകൊണ്ട് നീ അച്ഛനോട് സംസാരിക്കണം എന്ന് അമ്മയാണ് എന്നോട് പറഞ്ഞത്, അന്‍ഷിത പറഞ്ഞു. '
ദൈവം എനിക്ക് കഷ്ടപ്പാടുകള്‍ തരും. എന്നാല്‍ ജീവിത കാലം മുഴുവന്‍ കഷ്ടപ്പെടെന്ന് പറഞ്ഞ് ഒരിക്കലും വിട്ടുകൊടുത്തിട്ടില്ല. തെറ്റിലേക്ക് പോയാലും എന്നെ അതില്‍ നിന്നും പുറത്ത് കൊണ്ട് വരും. അതിന് പ്രധാന കാരണം അമ്മയുടെ പ്രാര്‍ത്ഥനയാണ്. വലിയ ദൈവ വിശ്വാസിയാണ് അമ്മ', അന്‍ഷിത പറയുന്നു.
ജീവിതത്തില്‍ തനിക്കുണ്ടായ പാഠങ്ങളെക്കുറിച്ചും അന്‍ഷിത സംസാരിച്ചു. സൗഹൃദമായാലും റിലേഷന്‍ഷിപ്പായാലും നമ്മള്‍ ജീവിതത്തിലേക്ക് എടുക്കുന്ന ആളുകള്‍ നമുക്ക് സെറ്റാവണമെന്നില്ല. നമ്മളെ പോലെയാണെന്നാണ് കരുതുക. എന്നാല്‍ നമ്മളുടെ ജീവിതത്തില്‍ സെറ്റാവുന്ന ആളേ ആയിരിക്കില്ല. അറിഞ്ഞ് കൊണ്ട് സംഭവിക്കുന്നതല്ല. പെട്ടെന്ന് അടുക്കുന്ന പ്രകൃതമാണ് തനിക്കെന്നും അന്‍ഷിത പറയുന്നു. ഇപ്പോള്‍ എനിക്കായി ഒരു കൂട്ടം ആളുകളുണ്ട്. എന്റെ കുടുംബവും എനിക്കിഷ്ടമുള്ളവരും. അവര്‍ മാത്രമാണ് തന്റെ ഇന്നത്തെ ലോകമെന്നും അന്‍ഷിത പറയുന്നു.
എന്റെ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ അമ്മ എന്റെ സുഹൃത്തിനോട് പറഞ്ഞത് അവള്‍ ഈ ബന്ധം വിട്ട് പുറത്ത് വരും എന്നാണ്. മൂന്ന് മാസം ഞാന്‍ വല്ലാതെ കഷ്ടപ്പെട്ടു. അതിന് ശേഷം ആ ബന്ധത്തില്‍ നിന്ന് താന്‍ ഒഴിവായെന്നും അന്‍ഷിത വ്യക്തമാക്കി. പറയാനേ പറ്റില്ല. അത്രമാത്രം ഡിപ്രഷനിലായി. ഭക്ഷണം പോലും ഇറങ്ങാതായ ഘട്ടമായിരുന്നെന്നും അന്‍ഷിത ഓര്‍ത്തു.