മോളേ വൈഭൂ... എന്ന് പൊട്ടിക്കരഞ്ഞ് നിതീഷ്; മൃതദേഹം കണ്ട് അലമുറയിട്ട് കരഞ്ഞ് ഷൈലജയും; കണ്ട് നില്‍ക്കാനാകാതെ ബന്ധുക്കളും; വൈഭവിയുടെ സംസ്‌കാരം ഒടുവില്‍ ഷാര്‍ജയില്‍ നടത്തി

Malayalilife
മോളേ വൈഭൂ... എന്ന് പൊട്ടിക്കരഞ്ഞ് നിതീഷ്; മൃതദേഹം കണ്ട് അലമുറയിട്ട് കരഞ്ഞ് ഷൈലജയും;  കണ്ട് നില്‍ക്കാനാകാതെ ബന്ധുക്കളും; വൈഭവിയുടെ സംസ്‌കാരം ഒടുവില്‍ ഷാര്‍ജയില്‍ നടത്തി

ദിവസങ്ങളായി ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ തണുത്തുറഞ്ഞ അറയില്‍ കിടന്നിരുന്ന കുഞ്ഞ് വൈഭവിക്ക് ഒടുവില്‍ സംസ്‌കാരം നടത്തി. പ്രവാസ മണ്ണില്‍ തന്നെയാണ് വൈഭവിയെ സംസ്‌കരിച്ചത്. അമ്മ വിപഞ്ചികയോടൊപ്പം ദുരൂഹമായ സാഹചര്യത്തിലാണ് വൈഭവിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മരണം കുടുങ്ങിയ ദുരൂഹതയും അതിന്റെ പിന്നിലുള്ള യാഥാര്‍ഥ്യവും ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങള്‍ കാരണം വൈഭവിയുടെ മൃതദേഹം ഇത്രയും ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നത്. ഈ വിഷമകരമായ സാഹചര്യം അറിഞ്ഞ് അന്ത്യകര്‍മ്മ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ വികാരഭാരിതരായി. ഇത്രയും ദിവസം കുഞ്ഞ് തണുത്തുറഞ്ഞ് മോര്‍ച്ചറിയില്‍ കിടന്നത് ആലോചിച്ച് അവിടെ എത്തിയവരുടെ ഉള്ളം നീറി.

കുഞ്ഞ് വൈഭവിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോയത് പിതാവ് നിതീഷാണ്. സ്വന്തം കുഞ്ഞിന്റെ അന്തിമയാത്രയ്ക്ക് കൂടെ നിന്നത് ഒരു പിതാവിന്റെ നെഞ്ച് പൊട്ടിയ ഹൃദയത്തോടെയായിരുന്നു. കുഞ്ഞിന്റെ ദേഹത്തെ അവസാനമായി കാണാനും വിടപറയാനും നിരവധി ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യകര്‍മ്മ ചടങ്ങിന് എത്തിച്ചേര്ന്നു. വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരന്‍ വിനോദ് മോഹന്‍, വിനോദിന്റെ ഭാര്യാസഹോദരന്‍, നിതീഷിന്റെ പിതാവ് മോഹനന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കണ്ണീര്‍ മൂടിയ കണ്ണുകളുമായി അവര്‍ കുഞ്ഞിനെ അവസാനമായി കണ്ടു.

ശ്മശാനത്തില്‍ എത്തുന്നതുവരെയും തേങ്ങിക്കരഞ്ഞുകൊണ്ടിരുന്ന വിപഞ്ചികയുടെ മാതാവ് ഷൈലജ കൊച്ചുമകളുടെ മുഖം അവസാനമായി ഒരു നോക്ക് കണ്ടപ്പോള്‍ അലമുറയിട്ട് കരഞ്ഞു. ആ കാഴ്ച കണ്ട് ചുറ്റും നിന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞു. പിന്നീട് സങ്കടം താങ്ങാനാകാതെ അവര്‍ തളര്‍ന്നുവീഴുകയായിരുന്നു. സംസ്‌കരിക്കുന്നതിന് മുന്‍പ് ഒരുവട്ടം കൂടി വൈഭവിയുടെ മുഖം കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ആ ഹൃദയം തകര്‍ന്ന അമ്മൂമ്മയ്ക്കായി കുഞ്ഞുമോളുടെ മുഖം വീണ്ടും കാണിച്ചുകൊടുത്തു. വിപഞ്ചികയുടെ ഭര്‍ത്താവും വൈഭവിയുടെ പിതാവുമായ നിതീഷും 'മോളേ വൈഭൂ...' എന്ന് പറഞ്ഞ് അലമുറയിട്ടുകൊണ്ടിരുന്നു. പലരും കൂടിച്ചേര്‍ന്നാണ് ഇദ്ദേഹത്തെ ഒരു വിധം സമാധാനിപ്പിച്ച് അകലെ കൊണ്ടിരുത്തിയത്. ഒരു പിഞ്ചു ജീവന്‍ എന്നെന്നേക്കുമായി വിടപറയുന്നത് കണ്ടപ്പോള്‍ പലര്‍ക്കും സങ്കടം അടക്കാനായില്ല.

അതേസമയം, വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധ്യത. നാളെ(വെള്ളി) കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊലീസില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തിങ്കളാഴ്ചയിലേക്ക് നീട്ടുകയായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ യുഎഇയില്‍ വാരാന്ത്യ അവധിയായതിനാലാണ് ഒരു ദിവസം കൂടി നീണ്ടത്.

ഷൈലജയും മകന്‍ വിനോദും ഷാര്‍ജയില്‍ ഇവരുടെ ബന്ധുക്കളുടെ കൂടെയാണ് താമസിക്കുന്നത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഇവര്‍ക്ക് വേണ്ട സഹായം നല്‍കിവരുന്നുണ്ട്. ഇരുവരും വിപഞ്ചികയുടെയും വൈഭവിയുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനാണ് ഷാര്‍ജയിലെത്തിയത്. വൈഭവിയുടെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കണമെന്നായിരുന്നു ഷൈലജയുടെ ആഗ്രഹം. എന്നാല്‍, തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ നാട്ടിലേക്ക് പോകാനാവില്ലെന്നും അതുകൊണ്ട് യുഎഇയില്‍ തന്നെ സംസ്‌കരിക്കണമെന്നും പിതാവ് നിതീഷ് വാശിപിടിച്ചു.

തുടര്‍ന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭര്‍ത്താവ് നിതീഷ് മോഹന്റെയും ബന്ധുക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിലും തീരുമാനം നിതീഷിന് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജ കോടതി ഉത്തരവ് പ്രകാരം വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന് വിട്ടുനല്‍കുകയും തുടര്‍ന്ന് ഷാര്‍ജ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷൈലജയുടെ ആവശ്യപ്രകാരം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് ഇത് വിലക്കിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച(ഈ മാസം 8)യാണ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വൈഭവിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറില്‍ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിപഞ്ചികയുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. ഭര്‍ത്താവ് നിതീഷ് മോഹന്‍, ഭര്‍തൃപിതാവ് മോഹന്‍, ഭര്‍തൃ സഹോദരി നീതു എന്നിവര്‍ക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സംബന്ധമായി ഒട്ടേറെ കാര്യങ്ങള്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

vibhavi funeral done sharjah

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES