പഹല്‍ഗാമില്‍ പുരുഷന്‍മാരെ കൂട്ടക്കൊല ചെയ്തതുവഴി 26 വനിതകളുടെ സിന്ദൂരക്കുറി മായ്ച്ച ഭീകരര്‍ക്കെതിരെ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറിന്റെ' വിജയം ലോകത്തോട് വെളിപ്പെടുത്തിയ വനിതകളായ രണ്ട് യുവ സൈനിക ഓഫീസര്‍മാരാണ് കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും. സോഫിയ ഹിന്ദിയിലും വ്യോമിക ഇംഗ്ലീഷിലും ഇന്ത്യയുടെ വീരഗാഥ വെളിപ്പെടുത്തിയപ്പോള്‍ ആവേശത്തോടെയാണ് ഈ പെണ്‍പുലികളേയും ലോകം ഏറ്റെടുത്തത്. പട്ടാള കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സോഫിയ ഖുറേഷിയ്ക്ക് 51 വയസ് പ്രായമുണ്ടായിരിക്കെ വെറും 35ാം വയസില്‍ ഇത്രയും വലിയ ഒരു ദൗത്യത്തിന് ചുക്കാന്‍ പിടിച്ച വ്യോമിക സിംഗിന്റെ കഴിവും പ്രാഗത്ഭ്യവും എത്രയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ദൗത്യം.
സ്വന്തം പേരുതന്നെയാണ് വ്യോമസേന സ്വപ്നം കാണുവാന്‍ വ്യോമികയെ പ്രേരിപ്പിച്ചത്. ആകാശത്തിന്റെ മകള്‍ എന്നാണ് വ്യോമികയുടെ പേരിന്റെ അര്‍ത്ഥം. സ്‌കൂള്‍ കാലം മുതല്‍ തന്നെ വലുതാകുമ്പോള്‍ പൈലറ്റാകാനും പറക്കാനും അവള്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ, വ്യോമസേനയിലേക്കുള്ള യാത്ര കുട്ടിക്കാലത്തെ തന്നെ ആരംഭിച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ എന്‍സിസിയില്‍ ജോയിന്‍ ചെയ്തിരുന്നു. എഞ്ചിനീയറിംഗ് പഠിച്ച് എയര്‍ഫോഴ്സില്‍ എത്തി. കുടുംബത്തില്‍ ആംഡ് ഫോഴ്സില്‍ ജോയിന്‍ ചെയ്യുന്ന ആദ്യത്തെ വ്യക്തിയായിരുന്നു വ്യോമിക സിംഗ്. കഠിനാധ്വാനത്തിലൂടെയാണ് എയര്‍ഫോഴ്സിലേക്ക് വ്യോമിക എത്തിയത്. അങ്ങനെ 2019 ഡിസംബര്‍ 18ന് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ പെര്‍മനന്റ് കമ്മീഷന്‍ നേടുകയായിരുന്നു.
2500 മണിക്കൂറുകള്‍ പറന്ന കരിയര്‍ മികവ് കൂടി വ്യോമികയ്ക്കുണ്ട്. സൈന്യത്തിന്റെ ചേതക്, ചീറ്റ ഹെലികോപ്ടറുകള്‍ അതിസാഹസികമായ മലനിരകള്‍ക്കിടയിലൂടെയും ജന്മു ആന്റ് കാശ്മീരിലെ അതിസാഹസിക പര്‍വത നിരകളിലൂടെയും നോര്‍ത്ത് ഈസ്റ്റിലെ റിമോട്ട് ഏരിയകളിലും എല്ലാം പറത്തിയ വ്യോമിക ഈ നേട്ടം സ്വന്തമാക്കിയത് 2020ലാണ്. അതേവര്‍ഷം നവംബറില്‍ അരുണാചല്‍ പ്രദേശില്‍ നടത്തിയ ക്രിട്ടിക്കല്‍ റെസ്‌ക്യൂ ഓപ്പറേഷനില്‍ ജനങ്ങളെ രക്ഷിക്കാന്‍ നടത്തിയ ശ്രമം വ്യോമികാ സിംഗിന്റെ നേതൃത്വത്തിലുള്ളതായിരുന്നു. 2021ല്‍ ഹിമാചല്‍പ്രദേശിലെ കിന്നൗര്‍, സ്പതി ജില്ലകളില്‍ വ്യാപിച്ച കിടക്കുന്ന 21,650 അടി ഉയരമുള്ള മണിറാംഗ് കൊടുമുടി കീഴടക്കിയ വനിതാ സായുധ സേനാ സംഘത്തിലും വ്യോമിക ഉണ്ടായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ നടത്തിയ സൈനിക പത്ര സമ്മേളനത്തിലാണ് വ്യോമിക സിംഗ് ലോക ശ്രദ്ധ നേടിയത്. മെയ് ഏഴിന് പുലര്‍ച്ചെ ഒരു മണി മുതല്‍ 15 മിനിറ്റു നടത്തിയ മിസൈലാക്രമണ ദൗത്യത്തില്‍ എന്താണ് ചെയ്തതെന്നും തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും സാധാരണക്കാര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ നടത്തിയ മുന്‍കരുതലുകളും വ്യോമിക വിശദീകരിച്ചത് കയ്യടി നേടിയിരുന്നു. പ്രതിരോധ രംഗത്ത് സ്ത്രീകളും മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിക്കും എന്നു തെളിയിച്ചതിന്റെ നേര്‍ ഉദാഹരണമായിരുന്നു ഇത്. പഴയകാല ആര്‍മി വിശദീകരണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇത്.
സേനാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നായിട്ടും വിമാനം പറത്താന്‍ കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ച വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് വ്യോമസേനയിലെ ഹെലികോപ്റ്റര്‍ പൈലറ്റാണ്. ഭര്‍ത്താവും വ്യോമസേനയിലെ പൈലറ്റാണ്.