ദുല്‍ഖര്‍ നായകനാക്കി ഹനു രാഘവപുടിയാണ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീത രാമം റിലീസിനൊരുങ്ങുകയാണ്.സീതാരാമത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഹൈദരാബാദില്‍ വെച്ചാണ് പുറത്തിറക്കിയത്.ട്രെയ്‌ലര്‍ ലോഞ്ചിങ് വേദിയില്‍ വെച്ച് സീതാരാമം തന്റെ അവസാന പ്രണയ ചിത്രമായിരിക്കും എന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
പ്രണയ നായകന്‍ എന്ന വിളി തനിക്ക് മടുത്തെന്നും പ്രണയ ചിത്രങ്ങള്‍ ചെയ്യുന്നില്ല എന്ന തീരുമാനത്തില്‍ നില്‍ക്കുന്ന സമയമാണ് സീതാരാമം എന്ന സിനിമയുടെ കഥ വന്നതെന്നും സിനിമയുടെ കഥ അതിമനോഹരമായതിനാല്‍ മാത്രമാണ് ഒഴിവാക്കാന്‍ കഴിയാഞ്ഞത് എന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്.റൊമാന്റിക് ഹീറോ എന്ന വിളി കേട്ട് മടുത്തു. അത് കാരണം എനിക്ക് പ്രണയ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു. ആ സമയത്താണ് ഈ കഥ എന്റെ അടുത്ത് എത്തുന്നത്. കഥ അതിമനോഹരമാണ്, ഒരു എപിക് ആണ്, ക്ലാസിക് ആണ്. അതിനാല്‍ അവസാനമായി ഒരെണ്ണം കൂടി ചെയ്യാം എന്ന് കരുതി. ഇത് ഞാന്‍ ചെയ്യുന്ന അവസാന പ്രണയ ചിത്രമായിരിക്കും. എല്ലാ ദിവസവും ആക്ഷന്‍ ചെയ്യുന്നില്ല, മാസ് ചെയ്യുന്നില്ല എന്നും പറഞ്ഞു പ്രേക്ഷകരുടെ വഴക്ക് കേള്‍ക്കുന്നുണ്ട്,' ദുല്‍ഖര്‍ പറയുന്നു.
ലെഫ്റ്റനന്റ് റാം' എന്ന പട്ടാളക്കാരനായിട്ടാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തെലുങ്കിനു പുറമേ തമിഴിലും മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം. സ്വപ്ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. ജമ്മു കശ്മീരാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.
മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. 'സീത' എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. 'അഫ്രീന്‍' എന്ന കഥാപാത്രമായി രശ്മിക മന്ദാനയും അഭിനയിക്കുന്നു. ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം തിയേറ്ററുകളില്‍ എത്തുന്നത്. ലോകമെമ്പാടും വലിയ റിലീസാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാ രാമം പറയുന്നത്.