സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടി അഭിനയിച്ച് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' കുഞ്ചാക്കോ ബോബന്‍ നായകനായ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അറിയിപ്പ് ' എന്നിവയാണ് ചിത്രങ്ങള്‍.
സംവിധായകന്‍ ആര്‍.ശരത് ചെയര്‍മാനും ഷെറി, രഞ്ജിത് ശങ്കര്‍ ,അനുരാജ് മനോഹര്‍, കെ.ജെ.ജീവ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക് ഉള്‍പ്പെടെ12 ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.
ആയിരത്തൊന്ന് നുണകള്‍ ( കെ.വി താമര്‍)ബാക്കി വന്നവര്‍ (അമല്‍ പ്രാസി), പട (കെ.എം കമല്‍), നോര്‍മല്‍ (പ്രതീഷ് പ്രസാദ്), ഗ്രേറ്റ് ഡിപ്രഷന്‍ (എച്ച്.അരവിന്ദ്), വേട്ടപ്പട്ടികളും ഓട്ടക്കാരും (ജി.രാരിഷ്), ആണ് (സിദ്ധാര്‍ത്ഥ് ശിവ), ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും (സതീഷ് ബാബുസേനന്‍,സന്തോഷ് ബാബുസേനന്‍), ധബാരി ക്യുരുവി ( പ്രിയനന്ദനനന്‍), ഫ്രീഡം ഫൈറ്റ് (ജിയോ ബേബി),19(1)(A) (വി.എസ് ഇന്ദു) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
മഹേഷ് നാരായണന്‍- കുഞ്ചാക്കോ ബോബന്‍ ചിത്രം 'അറിയിപ്പ്' ഒടിടി റിലീസായി എത്തുകയെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം നെറ്റ്ഫ്‌ളിക്സിലൂടെ സ്ട്രീം ചെയ്യും. എന്നാല്‍ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ നിരൂപ പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് അറിയിപ്പ്.
അടുത്തിടെ ബുസാന്‍ ഇന്റര്‍ നാഷണല്‍ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഏഷ്യന്‍ പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ബിഐഎഫ്എഫില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളം സിനിമയാണ്. നേരത്തെ ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷം മേളയില്‍ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു അറിയിപ്പ്.
നോയിഡയില്‍ ജീവിക്കുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു പഴയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദമ്പതികളായ ഹരീഷും രശ്മിയും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥാപരിസരം.
മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ലവ് ലിന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.