Latest News

ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു; ബാക്കിയുള്ളതെല്ലാം അപ്പോഴുണ്ടായ ചില തോന്നലിന്റെ ഭാഗമായി ചെയ്തതാണ്; അതെല്ലാം ദൈവം സഹായിച്ച് നന്നായി വന്നു; വൈറലായി മാറിയ കുടിയന്റെ ചുവടുകള്‍ സ്വന്തം കൊറിയോഗ്രാഫിയെന്ന് ചാക്കോച്ചന്‍

Malayalilife
ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു; ബാക്കിയുള്ളതെല്ലാം അപ്പോഴുണ്ടായ ചില തോന്നലിന്റെ ഭാഗമായി ചെയ്തതാണ്; അതെല്ലാം ദൈവം സഹായിച്ച് നന്നായി വന്നു; വൈറലായി മാറിയ കുടിയന്റെ ചുവടുകള്‍ സ്വന്തം കൊറിയോഗ്രാഫിയെന്ന് ചാക്കോച്ചന്‍

ന്നലെ മലയാളികള്‍ ഏറ്റവും അധികം മൂളിയ പാട്ടും സോഷ്യല്‍മീഡിയയില്‍ കണ്ട വീഡിയോ രംഗവും ഏതെന്ന് ചോദിച്ചാല്‍ അത് ഭരതന്റെ സംവിധാനത്തില്‍ 1985ല്‍ പുറത്തെത്തിയ കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്ന് യേശുദാസ്, കൃഷ്ണചന്ദ്രന്‍, ലതിക, രാധിക എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ദേവദൂതര്‍ പാടി... എന്ന ഗാനവും അതിനൊത്ത് നല്ല അഡാറ് ചുവടുകള്‍ വക്കുന്ന കുഞ്ചാക്കോ എന്ന അതുല്യ പ്രതിഭയുടെ അഭിനയ രംഗങ്ങളുമായിരിക്കും. 

ഒറ്റ ദിവസം കൊണ്ട് കുഞ്ചാക്കോബോബന്റെ 'നാടന്‍ റോക്ക് ഡാന്‍സ്' ട്രെന്‍ഡ്ങില്‍ ഒന്നാമതെത്തി. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട് ' എന്ന പുതിയ സിനിമയിലാണ് ചാക്കോച്ചന്റെ അടാര്‍ പെര്‍ഫോമന്‍സ് ഡാന്‍സ്.

സ്റ്റേജ് പെര്‍ഫോമന്‍സുകളില്‍ ചുവടുകള്‍ വച്ചിട്ടുണ്ടെങ്കിലും വേദിയിലെ പാട്ടിന് സദസില്‍ വച്ച് ഡാന്‍സ് ചെയ്യുന്നത് ആദ്യത്തെ അനുഭവമായിരുന്നെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.മാത്രമല്ല അതിലെ ചുവടുകള്‍ സ്വന്തം കൊറിയോഗ്രാഫി ആണെന്നുമാണ് നടന്‍ പറയുന്നത്.

''ദേവദൂതര്‍ പാടി എന്ന ഗാനം എല്ലാ മലയാളികളെയും പോലെ എന്റെയും ഇഷ്ടഗാനങ്ങളിലൊന്നാണ്. ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഓര്‍ത്തിട്ടുപോലും ഇല്ല. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയില്‍ ആ പാട്ടിന് ഞാന്‍ ചെയ്തത് ഡാന്‍സ് ആണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല. അമ്പലപ്പറമ്പിലും പെരുന്നാളിനും ഉത്സവങ്ങള്‍ക്കും എല്ലാം ആള്‍ക്കൂട്ടത്തിനിടയില്‍ ഡാന്‍സ് ചെയ്യുന്ന ഒരാളുടെ റെഫറന്‍സ് സിനിമയിലുണ്ടെന്ന് സംവിധായകന്‍ രതീഷ് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, മൂവ്‌മെന്റ്‌സും സ്റ്റെപ്പും എങ്ങനെ വേണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു.

കൊറിയോഗ്രാഫറെ കൊണ്ട് ചുവടുകള്‍ ഒരുക്കണോ എന്ന് ചോദിച്ചിരുന്നു. അത് വേണ്ട, എന്റെ രീതിയില്‍ ഒരു ഹോംവര്‍ക്ക് ചെയ്തു നോക്കട്ടെ. അത് വിജയിച്ചില്ലെങ്കില്‍ നമുക്ക് ആ വഴിനോക്കാം എന്നും ഞാന്‍ പറഞ്ഞു.ഇങ്ങനെ നൃത്തം ചെയ്യുന്നവരെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. ഇന്‍സ്റ്റയിലും സോഷ്യല്‍ മീഡിയയിലും ചില വീഡിയോകള്‍ കണ്ടിട്ടുണ്ട്. അതില്‍ കണ്ട ചിലരെയൊക്കെ വച്ചിട്ട് ആ സമയത്ത് മനസ്സില്‍ വന്ന ഒരു തോന്നലിന് ചെയ്യാം എന്നും തീരുമാനിച്ചു.

ഡാന്‍സ് പഠിച്ചയാള്‍, അത് പഠിക്കാത്തയാളെ പോലെ ചെയ്യുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണല്ലോ. ലൊക്കേഷനിലെത്തി. അത്യാവശ്യം നല്ല ആള്‍ക്കൂട്ടമുണ്ട്. മേക്കപ്പ് ഒക്കെയിട്ട് തട്ടിക്കൂട്ട് ചുവടു വയ്ക്കുമ്പോള്‍ ചമ്മലൊന്നും പുറച്ചു കാണിക്കരുതല്ലോ.

''ശരിക്കും ഞാന്‍ ഇങ്ങനെയല്ല ഡാന്‍സ് ചെയ്യുന്നത്. ഇത് ഈ കഥാപാത്രത്തിനു വേണ്ടിയാണ്. എന്നോട് ക്ഷമിക്കണേ'' എന്നും കൂടി നിന്നവരോടു പറഞ്ഞു. പിന്നെ ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു. ബാക്കിയുള്ളതെല്ലാം അപ്പോഴുണ്ടായ ചില തോന്നലിന്റെ ഭാഗമായി ചെയ്തതാണ്. അതെല്ലാം ദൈവം സഹായിച്ച് നന്നായി വന്നു. '' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണപൊതുവാളിന്റെ പുതിയ സിനിമയാണ് ന്നാ താന്‍ കേസ് കൊട്.

kunchako bobans says about virul dance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES