അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മത്സരിക്കാത്തതില്‍ പ്രതികരണവുമായി നടന്‍ രവീന്ദ്രന്‍. മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റിന് മോഹന്‍ലാല്‍ പഴി കേള്‍ക്കേണ്ടി വരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതെന്നും രവീന്ദ്രന്‍ പറഞ്ഞു. മോഹന്‍ലാല്‍ മത്സര രംഗത്ത് ഉണ്ടെങ്കില്‍ മറ്റാരും മത്സരിക്കാന്‍ നില്‍ക്കില്ല. ആരോപണ വിധേയര്‍ മത്സരിക്കരുതെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എഷ്യാനെറ്റ് ന്യൂസിനോടാണ് നടന്‍ പ്രതികരിച്ചത്.
''മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് ജനറല്‍ ബോഡിയില്‍ തന്നെ അറിയിച്ചിരുന്നു. മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റിന് അദ്ദേഹം പഴി കേള്‍ക്കേണ്ടി വരികയാണ്. അത് ന്യായമല്ലാത്തതാണെന്ന് പലര്‍ക്കും തോന്നിയിട്ടുണ്ട്. ആരോപണ വിധേയര്‍ തെറ്റുകാരാവണമെന്നില്ല. പക്ഷേ പൊതുമണ്ഡലത്തില്‍ അങ്ങനെയുള്ളവര്‍ മാറി നില്‍ക്കലാണ് അഭികാമ്യം. അത് പിന്നീട് മാധ്യമങ്ങളുള്‍പ്പെടെ ക്രൂശിക്കും. അങ്ങനെയുള്ളവര്‍ മാറി നില്‍ക്കണമെന്ന് ഒരുപാട് പേര്‍ക്ക് അഭിപ്രായമുണ്ടെന്നും'' രവീന്ദ്രന്‍ പറഞ്ഞു.
അതേസമയം മോഹന്‍ലാല്‍ തുടരില്ലെന്ന് നിലപാട് എടുത്തതോടെ ജഗദീഷും, ശ്വേത മേനോനും, രവീന്ദ്രനുമാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുളളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജിനൊപ്പം ജോയ് മാത്യു മത്സരിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അമ്മ ഓഫീസില്‍ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്. ഇന്നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും.