മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. 'മനസറിഞ്ഞ് സന്തോഷിക്കുന്നത് അപൂര്‍വവും അമൂല്യവുമാണ്' എന്നും, ജീവിതത്തില്‍ താന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്നുവെന്നും ഭാവന വ്യക്തമാക്കി. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര സജീവമല്ലെന്ന് ഭാവന പറയുന്നു. തനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉള്ളതെന്നും, അതും 2019-ല്‍ മാത്രമാണ് തുടങ്ങിയതെന്നും താരം വെളിപ്പെടുത്തി. താന്‍ ആദ്യം ഒരു പ്രൈവറ്റ് അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, താന്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നു, ഡിവോഴ്സ് ആയി എന്നൊക്കെയുള്ള വ്യാജവാര്‍ത്തകള്‍ വ്യാപകമായപ്പോള്‍, എല്ലാവരുടെയും നിര്‍ബന്ധപ്രകാരമാണ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു പബ്ലിക് അക്കൗണ്ട് തുടങ്ങിയത്.
സോഷ്യല്‍ മീഡിയയിലെ കമന്റുകളെക്കുറിച്ച് സംസാരിച്ചപ്പോള്‍, നെഗറ്റീവ് കമന്റുകള്‍ കണ്ട് തന്റെ ദിവസം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഭാവന പറഞ്ഞു. 'എന്തിനാണ് മറ്റൊരാളുടെ ഫ്രസ്ട്രേഷന്‍ കാരണം നമ്മുടെ ഒരു ദിവസം കളയുന്നത്? എന്റെ സന്തോഷം എനിക്ക് അമൂല്യമാണ്. മനസറിഞ്ഞ് ഒരുപാട് സന്തോഷിക്കുന്നത് വളരെ അപൂര്‍വമാണ്. ഇയാള്‍ക്ക് എന്നെ അറിയില്ലല്ലോ, എന്തറിഞ്ഞിട്ടാ ഈ എഴുതുന്നതെന്നൊക്കെ ചിന്തിക്കും,' എന്ന് താരം പറഞ്ഞു. മറ്റുള്ളവരുടെ നിഷേധ ചിന്തകള്‍ തന്റെ സന്തോഷത്തെ ബാധിക്കാതിരിക്കാന്‍ ഭാവന ശ്രദ്ധിക്കാറുണ്ട്.
വിശ്വാസിയാണ് എന്ന ചോദ്യത്തിന് ഭാവനയുടെ മറുപടി ഇങ്ങനെയായിരുന്നു: 'വിശ്വാസിയാണ്. ഭയങ്കര വിശ്വാസയല്ല. കര്‍മ്മയില്‍ കുറച്ചൊക്കെ വിശ്വാസമുണ്ട്. എനിക്കുള്ളതേ എനിക്ക് വരുള്ളൂ. നല്ലതാണെങ്കിലും മോശമാണെങ്കിലും ഞാന്‍ അത് 'ഫേസ് ഇറ്റ്' ചെയ്യും. അതിനെ എങ്ങനെ കൈകാര്യം ചെയ്യാന്‍ പറ്റും എന്നതിന് ശക്തി തരികയെന്ന രീതിയില്‍ പ്രാര്‍ത്ഥിക്കും.' പ്രാര്‍ത്ഥന എന്നത് നമ്മോടൊപ്പം ആരോ ഉണ്ട് എന്നൊരു വിശ്വാസമാണ് നല്‍കുന്നതെന്നും, ആ വിശ്വാസത്തിലാണ് എല്ലാവരും ജീവിക്കുന്നതെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
ഒരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും ഒരു പ്രശ്‌നം വരുമ്പോള്‍ താന്‍ ആരെയും വിളിക്കാറില്ലെന്നും, ഒരു ഷെല്ലിനകത്തേക്ക് ഒതുങ്ങിപ്പോകുമെന്നും ഭാവന പറഞ്ഞു. ആ പ്രശ്‌നത്തില്‍ നിന്ന് റിക്കവറി ആയ ശേഷം മാത്രമേ സുഹൃത്തുക്കളോട് കാര്യങ്ങള്‍ പറയുകയുള്ളൂ. ഇത് തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമെന്നും താരം വ്യക്തമാക്കി.