അഖില്‍ മാരാര്‍ നായകനാകുന്ന മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികളെക്കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍ തുറന്നു പറഞ്ഞു. ഷൂട്ടിംഗ് ആരംഭിച്ച ദിവസം തന്നെ സിനിമയുടെ പ്രധാന കഥാപാത്രമായി എത്തേണ്ടിയിരുന്ന താരം, വീട്ടിലെ വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം പിന്മാറിയതായും അദ്ദേഹം പറഞ്ഞു.
ഇതിനെ തുടര്‍ന്ന്, നായികയും ചിത്രത്തില്‍നിന്ന് പിന്മാറുകയായിരുന്നുവെന്ന് ആസാദ് ആരോപിച്ചു. ''അഡ്വാന്‍സ് തുകയും വാങ്ങി ലൊക്കേഷനില്‍ എത്തിയ നായിക, നായകന്‍ എത്തില്ലെന്ന് അറിഞ്ഞപ്പോള്‍ ആരോഗ്യപ്രശ്നം ഉണ്ടെന്ന പേരില്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും, പിന്നീട് അത് 'എലിപ്പനി'യെന്ന് കള്ളമായി പ്രൊഡക്ഷന്‍ ടീമിനോട് അറിയിച്ച ശേഷം ചിത്രത്തില്‍നിന്ന് പിന്മാറുകയും ചെയ്തു,'' എന്നാണ് ആസാദ് കണ്ണാടിക്കല്‍ വെളിപ്പെടുത്തിയത്.
ഇതിനാല്‍ ആദ്യ ദിവസം ഒരു ഷോട്ട് പോലും എടുക്കാനാകാതെ പാക്കപ്പ് ചെയ്യേണ്ടി വന്നുവെങ്കിലും, കഥയില്‍ വിശ്വാസമുണ്ടായതിനാല്‍ ചിത്രീകരണം നിര്‍ത്താതെ മുന്നോട്ടു കൊണ്ടുപോകാനാണ് സംഘത്തിന്റെ തീരുമാനം. തുടര്‍ന്ന് പുതിയ കലാകാരന്മാരെ ഉള്‍പ്പെടുത്തി രണ്ടാമത്തെ ദിവസം ഷൂട്ടിംഗ് പുനരാരംഭിച്ചു. മലയാളത്തിലെ നിരവധി പ്രശസ്ത താരങ്ങളും ചില പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമായതായും ആസാദ് കൂട്ടിച്ചേര്‍ത്തു.