ലോകത്ത് എവിടെ പോയാലും വീട്ടിലേക്ക് തിരിച്ചെത്താന്‍ കൊതിക്കുന്ന മനസാണ് മലയാളികള്‍ക്ക്. വീട്ടിലെ പ്രിയപ്പെട്ടവരുണ്ടാക്കുന്ന ഭക്ഷണം ആസ്വദിച്ച് ആ മുറ്റത്തുകൂടെ ഒന്നു നടന്ന് വീട്ടുകാരോട് വിശേഷങ്ങള്‍ പറഞ്ഞ് ചെലവഴിക്കുന്ന ആ സമയമായിരിക്കും എല്ലാവര്‍ക്കും ഇഷ്ടം. അതുപോലൊരു മനസായിരുന്നു നവാസിന്റേതും. അദ്ദേഹത്തെ സംബന്ധിച്ച് കുടുംബമായിരുന്നു എല്ലാം. എവിടെ പോയാലും വീട്ടിലേക്ക് ഓടിയെത്താന്‍ കൊതിച്ച നവാസ് അവസാനമായി ആഗ്രഹിച്ചതും അതു തന്നെയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ആശിച്ചു മോഹിച്ചു പണിത ആലുവയിലെ ഗ്രാമീണ ഭംഗി നിറയുന്ന 80 സെന്റ് സ്ഥലും മുന്നിലെ പാടവും അതിന്റെ ഒത്തനടുവില്‍ നില്‍ക്കുന്ന മണ്‍വീടുമായിരുന്നു നവാസിന്റെ സ്വര്‍ഗം.
തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഒരു ചെറിയ ഓടിട്ട വീട്ടിലായിരുന്നു നവാസിന്റെ കുട്ടിക്കാലം. വാപ്പ അബൂബക്കര്‍ നാടക-സിനിമ നടനും ഉമ്മ വീട്ടമ്മയും. മലയും പുഴയും നെല്‍പ്പാടങ്ങളുമുള്ള ആ മനോഹരമായ നാട്ടില്‍ ജനിച്ചു വളര്‍ന്ന നവാസിന്റെ കുടുംബത്തിന് കാര്യമായ സമ്പാദ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. എറണാകുളത്തായിരുന്നു ഉമ്മയുടെ തറവാട്. മിമിക്രിയിലേക്ക് എത്തിയ കാലം മുതല്‍ക്ക് അവിടെ താമസിച്ചിരുന്ന നവാസിന് ചേട്ടന്‍ നിയാസ് കൂടാതെ ഒരു അനുജന്‍ കൂടിയുണ്ട് നിസാം. കഷ്ടപ്പാടുകള്‍ പതുക്കെ മാറിവരുന്ന കാലത്തായിരുന്നു വിവാഹം. നവാസിനു വേണ്ടി ചേട്ടന്‍ നിയാസ് ആണ് രഹ്നയെ കണ്ടെത്തിയത്. ഒരു സ്റ്റേജ് പരിപാടിയില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും അന്ന് വഴക്കിട്ടാണ് പിരിഞ്ഞതെങ്കിലും പിന്നീട് ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തമ്മിലുണ്ടായ പരിചയവും അടുപ്പവുമാണ് വിവാഹാലോചനയിലേക്ക് എത്തിയത്. കലാകുടുംബം ആയാല്‍ കൊള്ളാമെന്ന ധാരണയിലാണ് ചേട്ടന്‍ നിയാസ് നവാസിനു വേണ്ടി പെണ്ണ് ചോദിച്ചത്. അന്ന് രഹ്നയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ആലോചന കഴിഞ്ഞ് മൂന്നു വര്‍ഷത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. അതിനു ശേഷം ആലുവയിലെ ചൂണ്ടി എന്ന സ്ഥലത്താണ് നവാസും രഹ്നയും ചേര്‍ന്ന് ആദ്യത്തെ വീട് പണിതത്.
പിന്നീട് വര്‍ഷങ്ങള്‍ അവിടെയായിരുന്നു താമസം. ഇരുനില വീടായിരുന്നു. പിന്നീടാണ് നഗരത്തിന്റെ ബഹളത്തില്‍ നിന്നും മാറി സ്വസ്ഥതയുള്ള സ്ഥലത്ത് താമസിക്കണം എന്ന ആഗ്രഹത്തിന്റെ പേരില്‍ ആലുവ നാലാംമൈല്‍ എന്ന സ്ഥലത്ത് 14 വര്‍ഷം മുന്‍പ് 80 സെന്റ് സ്ഥലം വാങ്ങി വീടുവച്ചത്. മണ്ണ് കൊണ്ടുള്ള വീടായിരുന്നു നവാസിന് ഇഷ്ടം. അങ്ങനെ സ്വന്തം വീടും മണ്ണുകൊണ്ടാണ് നവാസ് പണിതത്. സാഹിത്യകാരി സാറ ജോസഫിന്റെ മരുമകനായ ആര്‍ക്കിടെക്ട് ശ്രീനിവാസനാണ് വീട് രൂപകല്‍പന ചെയ്തത്. കേരളത്തനിമ നിറയുന്ന വിധത്തിലുള്ള ഒറ്റനില വീടാണ് പണിതത്. മൂന്നു കിടപ്പുമുറി, സ്വീകരണമുറി, അടുക്കള, നടുമുറ്റം എന്നിങ്ങനെ ഏകദേശം 1900 ചതുരശ്രയടിയിലാണ് നവാസിന്റെ ഒരുക്കിയത്. പശിമയുള്ള മണ്ണും കുമ്മായവും കുത്തിനിറച്ചാണ് ഭിത്തികള്‍ നിര്‍മിച്ചത്. നിലത്തു കുറച്ചിട കാവി വിരിച്ചു പോളിഷ് ചെയ്ത് ടൈല്‍ വിരിച്ചു. ഏറ്റവും വലിയ സവിശേഷത, വീട് പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. ഏത് കാലാവസ്ഥയിലും സുഖകരമായ അന്തരീക്ഷം നിലനില്‍ക്കുന്ന വീട്ടിലേക്ക് ഓടിയെത്താനായിരുന്നു നവാസിന് ഏറെയിഷ്ടവും.
കൃഷിയോട് പ്രത്യേക താല്‍പര്യമുള്ള നവാസും ഭാര്യയും പറമ്പില്‍ ജാതി, അത്തി, നോനി തുടങ്ങിയ ഫലവൃക്ഷങ്ങളോക്കെ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അടുക്കളയിലേക്ക് അത്യാവശ്യമുള്ള പച്ചക്കറികളും ഇവിടെ നിന്നും ലഭിക്കും. ഈ വീട്ടില്‍ താമസമായപ്പോള്‍ ആദ്യത്തെ വീടിന്റെ ഒരുനിലയില്‍ ഭാര്യ രഹ്ന ഒരു ഡിസൈന്‍ വസ്ത്രങ്ങളുടെ കടയും താഴെ നഴ്സറി കുട്ടികള്‍ക്കായി ഒരു സ്‌കൂളും തുടങ്ങി. അങ്ങനെ രഹ്ന ഇപ്പോള്‍ ആ ബിസിനസ് കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോഴും നവാസ് സിനിമാ തിരക്കുകളിലേക്കും പോവുകയായിരുന്നു. എങ്കിലും അപ്പോഴെല്ലാം നവാസ് ആഗ്രഹിച്ചത് ചുറ്റും പച്ചപ്പു നിറഞ്ഞ മനോഹരമായ ഈ വീട്ടിലേക്ക് തിരിച്ചെത്താനായിരുന്നു. ഇന്നലെയും അദ്ദേഹം ഓടിയെത്താന്‍ കൊതിച്ചതും ഇവിടേക്കായിരുന്നു.