അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി കാവ്യ മാധവന്‍. അച്ഛന്റെ പിറന്നാള്‍ ദിനം വലിയ ആഘോഷമാക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛന്‍ അറിയാതെ കുറെയേറെ കാര്യങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ...അച്ഛന് തിരക്കായി പോയി എന്നാണ് കാവ്യ കുറിച്ചത്.
ഇന്ന് നവംബര്‍ 10 ; അച്ഛന്റെ 75-ാം പിറന്നാള്‍ .അച്ഛന്‍ ഒരിക്കലും ഓര്‍ത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങള്‍ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷെ ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛന്‍ അറിയാതെ കുറെയേറെ കാര്യങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു.എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓര്‍മ്മകളാക്കിയ അച്ഛന്റെ ഈ 75ാം പിറന്നാള്‍ ഏറ്റവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകള്‍. പക്ഷെ...അച്ഛന് തിരക്കായി...എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏഴു തിരിയിട്ട വിളക്ക് പോല്‍ തെളിയുന്ന അച്ഛന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഹൃദയാഞ്ജലി' കാവ്യ കുറിച്ചു.
ജൂണ്‍ മാസത്തിലാണ് കാവ്യയുടെ അച്ഛന്‍ പി മാധവന്‍ മരിക്കുന്നത്. കാവ്യയുടെ സിനിമ ജീവിതത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു അച്ഛന്‍ മാധവന്‍. കാസര്‍ഗോഡ് നീലേശ്വരത്ത് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായിരുന്നു പി മാധവന്‍. സുപ്രിയ ടെക്സ്റ്റൈല്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം ബിസിനസ്സ് തിരക്കുകള്‍ക്ക് ഇടയിലും മകളുടെ എല്ലാ ഇഷ്ടങ്ങള്‍ക്കും ഒപ്പം നിന്ന അച്ഛനാണ്.