ഗഗന്‍യാന്‍ ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്ത മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന. 2024 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തിനെന്ന പോലെ എനിക്കും ഇത് അഭിമാന നിമിഷമാണെന്നും ലെന.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിവാഹകാര്യം ലെന വെളിപ്പെടുത്തിയത്. ഭര്‍ത്താവ്, വളരെ രഹസ്യമായ ദേശീയ പദ്ധതിയുടെ ഭാഗമായതുകൊണ്ടാണ് വിവാഹക്കാര്യം വെളിപ്പെടുത്താന്‍ കഴിയാതിരുന്നതെന്ന് ലെന പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചതുകൊണ്ടാണ് തനിക്കിത് ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയുന്നതെന്നും ലെന പറഞ്ഞു.
സ്വാകാര്യ ചടങ്ങായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും ലെന പങ്കുവെച്ചു. ജനുവരിയില്‍ വിവാഹിതരായി എന്നും ഗഗന്‍യാന്‍ ദൗത്യസംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുയായിരുന്നു എന്നുമാണ് താരത്തിന്റെ വാക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ഇതേ വേദിയില്‍ ലെനയും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
തികച്ചും അറേഞ്ച്ഡായ വിവാഹം പരമ്പരാഗത ചടങ്ങിലൂടെയായിരുന്നുവെന്ന് ലെന പറഞ്ഞു. ''ഫെബ്രുവരി 27 ന്, പ്രധാനമന്ത്രി മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്,'' ലെന പറഞ്ഞു.
വ്യോമസേനയില്‍ സുഖോയ് യുദ്ധവിമാനത്തിന്റെ പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ പാലക്കാട് നെന്മാറ സ്വദേശിയാണ്. കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനായ പ്രശാന്ത് നാഷണല്‍ ഡിഫന്‍സ് അക്കാദമി(എന്‍ഡിഎ)യിലെ പഠനത്തിനുശേഷമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.
പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജില്‍ പഠിക്കവേയായിരുന്നു എന്‍ഡിഎ പ്രവേശനം.1998 ല്‍ ഹൈദരാബാദ് വ്യോമസേന അക്കാദമിയില്‍നിന്ന് സ്വേര്‍ഡ് ഓഫ് ഓണര്‍ നേടി. 1999 ജൂണില്‍ വ്യോമസേനയില്‍ അംഗമായി. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി.
ഗഗന്‍യാന്‍ ദൗത്യത്തിനായി നൂറു കണക്കിനുപേരെ പ്രാഥമിക ആരോഗ്യ-ശാരീരിക പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. കര്‍ശന പരിശോധനകളില്‍ മിക്കവരും പരാജയപ്പെട്ടു. തുടര്‍ന്നുണ്ടാക്കിയ ചുരുക്കപ്പട്ടികയില്‍നിന്നാണ് പ്രശാന്ത് ഉള്‍പ്പെടെ നാല് വ്യോമസേനാ പൈലറ്റുമാരെ അന്തിമമായി തിരഞ്ഞെടുത്തത്.
മൂന്നുവര്‍ഷം മുന്‍പാണ് നാല് യാത്രികരെയും ദൗത്യത്തിനായി ഐഎസ്ആര്‍ഒ തിരഞ്ഞെടുത്തത്. ഏത് പ്രതികൂല സാഹചര്യവും നേരിടുന്നതിനായി നാല് പേര്‍ക്കും കടുത്ത ശാരീരിക-മാനസിക പരിശീലനമാണ് നല്‍കിയത്. റഷ്യയിലും ഇന്ത്യയിലുമായിട്ടായിരുന്നു പരിശീലനം. ആദ്യ ഘട്ട പരിശീലനം റഷ്യയിലായിരുന്നു. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ ബഹിരാകാശ കേന്ദ്രത്തില്‍ ഒന്നരവര്‍ഷം നീളുന്നതായിരുന്നു ഈ പരിശീലനം.
ബെംഗളുരു പ്രത്യേക കേന്ദ്രത്തിലായിരുന്നു രണ്ടാംഘട്ട പരിശീലനം. ഐഎസ്ഐര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്ററിലെ പരിശീലനത്തിനൊടുവിലാണ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവരെ രാജ്യത്തിനുമുന്‍പാകെ പരിചയപ്പെടുത്തിയത്. അതുവരെ ഇവരുടെ പേരുവിവരങ്ങള്‍ ഐഎസ്ആര്‍ഒ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിക്കാന്‍ ഏറ്റവും ഉചിതമായവര്‍ എന്ന നിലയ്ക്കാണ് ദൗത്യത്തില്‍ വ്യോമസേനാ പൈലറ്റുമാര്‍ക്ക് ഊന്നല്‍ നല്‍കിയത്.