Latest News

'ശ്രീലേഖയുടെ ചെറുകഥയും ദൃഢവും തമ്മില്‍ ഒരു ബന്ധവുമില്ല; സാമ്യം പൊലീസ് സ്റ്റേഷന്‍ പശ്ചാത്തലത്തില്‍ മാത്രം'; മോഷണ ആരോപണം നിഷേധിച്ച് സംവിധായകന്‍ മാര്‍ട്ടിന്‍ ജോസഫ്

Malayalilife
'ശ്രീലേഖയുടെ ചെറുകഥയും ദൃഢവും തമ്മില്‍ ഒരു ബന്ധവുമില്ല; സാമ്യം പൊലീസ് സ്റ്റേഷന്‍ പശ്ചാത്തലത്തില്‍ മാത്രം'; മോഷണ ആരോപണം നിഷേധിച്ച് സംവിധായകന്‍ മാര്‍ട്ടിന്‍ ജോസഫ്

ഷെയ്ന്‍ നിഗം നായകനായി പുറത്തിറങ്ങിയ 'ദൃഢം', 'ഭൂതകാലം' എന്നീ സിനിമകള്‍ തന്റെ കഥകള്‍ മോഷ്ടിച്ചാണെന്ന മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി 'ദൃഢം' സിനിമയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ ജോസഫ്. തങ്ങളുടെ സിനിമയ്ക്ക് ശ്രീലേഖയുടെ കഥയുമായി യാതൊരു ബന്ധവുമില്ലെന്ന് മാര്‍ട്ടിന്‍ ജോസഫ് വ്യക്തമാക്കി. താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'കരിങ്കുടി പൊലീസ് സ്റ്റേഷന്‍' എന്ന ചെറുകഥ മോഷ്ടിച്ചാണ് 'ദൃഢം' എന്ന സിനിമയുടെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നാണ് ശ്രീലേഖ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. 

തന്റെ യൂട്യൂബ് ചാനലില്‍ നാല് വര്‍ഷം മുന്‍പ് പങ്കുവെച്ച ഈ കഥയുടെ ലിങ്കും അവര്‍ പോസ്റ്റിനൊപ്പം നല്‍കിയിരുന്നു. വളരെ യാദൃശ്ചികമായാണ് താന്‍ സിനിമ കണ്ടതെന്നും ഒരു പൊലീസ് കഥയായതുകൊണ്ട് കണ്ടുനോക്കിയപ്പോഴാണ് മോഷണം ബോധ്യപ്പെട്ടതെന്നും ശ്രീലേഖ അവകാശപ്പെട്ടു.

എന്നാല്‍ ഈ ആരോപണം അറിഞ്ഞയുടന്‍ താനും സിനിമയുടെ തിരക്കഥാകൃത്തുക്കളായ ജോമോനും ലിന്റോയും ചേര്‍ന്ന് യൂട്യൂബിലുള്ള ശ്രീലേഖയുടെ 33 മിനിറ്റ് ദൈര്‍ഘ്യമുള്ള ചെറുകഥ കണ്ടതായി സംവിധായകന്‍ മാര്‍ട്ടിന്‍ ജോസഫ് പറഞ്ഞു. 'സിനിമ കണ്ടവര്‍ക്ക് വ്യക്തമാകും, ആ കഥയും ഈ സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല. രണ്ട് കഥകളുടെയും പശ്ചാത്തലം ഒരു പൊലീസ് സ്റ്റേഷന്‍ ആണെന്നത് മാത്രമാണ് ആകെയുള്ള സാമ്യം. ബാക്കിയെല്ലാം തികച്ചും വ്യത്യസ്തമാണ്. ആദ്യമായാണ് ഞങ്ങള്‍ ഈ ചെറുകഥ കാണുന്നത്. എന്തിനാണ് അവര്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് മനസ്സിലാകുന്നില്ല,' മാര്‍ട്ടിന്‍ ജോസഫ് പ്രതികരിച്ചു.

'ദൃഢം' എന്ന ചിത്രത്തിന് പുറമേ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭൂതകാലം' എന്ന ചിത്രത്തിനെതിരെയും ശ്രീലേഖ മോഷണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു അനുഭവ കഥയുടെ മോഷണമാണ് ഭൂതകാലം എന്നാണ് ശ്രീലേഖയുടെ വാദം. 'ഭൂത ഭവനം' എന്നായിരുന്നു താന്‍ ആ കഥയ്ക്ക് നല്‍കിയ പേരെന്നും സിനിമയുടെ തലക്കെട്ടില്‍ പോലും ഈ സാമ്യമുണ്ടെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2021-ലാണ് ശ്രീലേഖ ഈ കഥ യൂട്യൂബില്‍ പങ്കുവെക്കുന്നത്, തൊട്ടടുത്ത വര്‍ഷമായ 2022-ലായിരുന്നു ഭൂതകാലത്തിന്റെ റിലീസ്.

ആരോപണം ഉന്നയിച്ച രണ്ട് സിനിമകളിലും ഷെയ്ന്‍ നിഗമാണ് നായകന്‍ എന്നൊരു കണക്ഷന്‍ കൂടിയുണ്ടെന്ന് ശ്രീലേഖ ചൂണ്ടിക്കാണിക്കുന്നു. 'പറവ' എന്ന സിനിമ കണ്ടതുമുതല്‍ തനിക്ക് ഷെയ്ന്‍ നിഗത്തെ വലിയ ഇഷ്ടമാണെന്നും, തനിക്കൊപ്പം ജോലി ചെയ്തിരുന്നതും താന്‍ സഹോദരനെപ്പോലെ കണ്ടിരുന്നതുമായ മുഹമ്മദ് എന്ന പൊലീസുദ്യോഗസ്ഥന്റെ അതേ രൂപസാദൃശ്യമാണ് ഷെയ്നുള്ളതെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് 'ദൃഢം' എന്ന സിനിമയിലെ പൊലീസ് വേഷത്തില്‍ ഷെയ്നെ കാണാന്‍ ആ ഉദ്യോഗസ്ഥനെപ്പോലെ തന്നെയുണ്ടെന്നും അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

martin joseph denies plagiarism

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES