വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും ഗായിക-നടിയായ രമ്യ നമ്പീശനും ഒന്നിച്ചൊരുക്കിയ അള്‍ട്ടിമേറ്റ് കോളിവുഡ് മാഷപ്പ് സംഗീതപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ക്ലാസിക് തമിഴ് ഗാനങ്ങളെ പുതുമയോടെ കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 'ഇമ്മോര്‍ട്ടല്‍ രാഗ' ബാന്‍ഡും ഇവര്‍ക്കൊപ്പമുണ്ട്.
സില്ലിനു ഒരു കാതല്‍ എന്ന ചിത്രത്തിലെ 'ന്യൂയോര്‍ക്ക് നഗരം', കാക്ക കാക്കയിലെ 'എന്നെ കൊഞ്ചം മാട്രി', ഗജനിയിലെ 'ഒരു മാലൈ', അന്യന്‍ ചിത്രത്തിലെ 'കണ്ണും കണ്ണും നോക്കിയ' എന്നീ ജനപ്രിയ ഗാനങ്ങളാണ് മാഷപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഗാനത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഒഴുക്ക് വളരെ നൈസര്‍ഗികമായി കൊണ്ടുപോയി എന്നതാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന പ്രതികരണം.
ഗായികയായി പിന്നണി ഗാനരംഗത്ത് ശ്രദ്ധ നേടിയ രമ്യ നമ്പീശന്‍ 'ഇവന്‍ മേഘരൂപന്‍' എന്ന ചിത്രത്തിലെ ആണ്ടെ ലോണ്ടെ എന്ന ഗാനത്തിലൂടെയാണ് രംഗപ്രവേശനം നടത്തിയത്. തുടര്‍ന്ന് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ മുത്തുച്ചിപ്പി വന്‍ ജനപ്രീതി നേടി. പിന്നീട് സ്വന്തമായി ഒരു ബാന്‍ഡും രൂപീകരിച്ച് സംഗീതപരിപാടികളില്‍ സജീവമായി.
വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ തന്റെ സംഗീത പരീക്ഷണങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫ്യൂഷന്‍ സംഗീതവും കവര്‍ ഗാനങ്ങളും വഴിയായി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ശബരീഷ്, എ.ആര്‍. റഹ്‌മാന്‍ ഈണങ്ങളിലൂടെ ബിബിസിയുടെ റേഡിയോ പ്ലാറ്റ്ഫോമിലേക്കും എത്തിയിട്ടുണ്ട്. ചേര്‍ത്തല സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന പ്രശസ്ത സംഗീതജ്ഞരുടെ കൊച്ചുമകനായ ശബരീഷ്, സംഗീതപ്രേമികളുടെ പ്രിയങ്കരനാണ്.