സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് കാന്താര 2 എന്ന് ചിത്രത്തിനായി. ഒക്‌ടോബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ഒക്കെയായി തിരിക്കിലായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. കാന്താര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് ഋഷഭ് ഷെട്ടി. അദ്ദേഹം സിനിമയിലേക്ക് എത്തിയതും അതിന് മുന്‍പ് എങ്ങനെയായിരുന്നു ജീവിതവും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
'മുംബൈ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം 2008-ല്‍ അന്ധേരി വെസ്റ്റിലെ ഒരു പ്രൊഡക്ഷന്‍ ഹൗസില്‍ ഞാന്‍ ഓഫീസ് ബോയും ഒരു നിര്‍മ്മാതാവിന്റെ ഡ്രൈവറുമായിരുന്നു. സിനിമയ്ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. ഒരു സിനിമ ചെയ്തതുകൊണ്ട് ഇത്രയധികം പ്രശസ്തിയും സ്‌നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആ സിനിമാ പ്രൊഡക്ഷന്‍ ഹൗസിന്റെ അടുത്തുള്ള റോഡില്‍നിന്ന് വടാ പാവ് കഴിക്കുമ്പോള്‍ ഇവിടെവരെ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഞാന്‍ ഒരുപാട് നന്ദിയുള്ളവനാണ്.' ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍.
ഈ വ്യാഴാഴ്ച റിലീസ് ചെയ്യുന്ന കാന്താര: ചാപ്റ്റര്‍ 1 അദ്ദേഹത്തിന്റെ പുതിയ ചിത്രം. രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ, ജയറാം തുടങ്ങി പലരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരേസമയം പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തിലെ റിലീസ് ചുമതല ഏറ്റിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.
തമിഴ്‌നാട്ടില്‍ നടത്താനിരുന്ന പ്രീ-റിലീസ് ചടങ്ങ്, കരൂരില്‍ നടന്‍ വിജയിന്റെ റാലിക്കിടെ സംഭവിച്ച ദാരുണ ദുരന്തത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ മാറ്റിവെച്ചു. 'ഇപ്പോള്‍ ആഘോഷിക്കാന്‍ വേണ്ട സമയം അല്ല, ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് വേണ്ടത്,' എന്നാണ് ഹോംബാലെ ഫിലിംസിന്റെ പ്രസ്താവന. പ്രീ റിലീസിന്റെ ഭാഗമായി സിനിമയുടെ ഷൂട്ടിങ് സമയത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞിരുന്നു. 48 മണിക്കൂര്‍ വരെ ഉറങ്ങാതെ ഇരുന്നിട്ടുണ്ടെന്നും നാല് തവണ വരെ മരണത്തില്‍ നിന്നും രക്ഷപ്പെട്ട് എത്തിയിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.