Latest News

ആ ഉമ്മയുടെ അവസ്ഥ കണ്ടപ്പോള്‍ ഒന്നും ആലോചിച്ചില്ല; കൃഷ്ണാന്നും വിളിച്ച് പുഴയിലേക്ക് എടുത്തുചാടി; ഒഴുക്കിപ്പെട്ട പെണ്‍കുട്ടിയെ രക്ഷിച്ച 22കാരി ശ്രേയയുടെ കഥ

Malayalilife
ആ ഉമ്മയുടെ അവസ്ഥ കണ്ടപ്പോള്‍ ഒന്നും ആലോചിച്ചില്ല; കൃഷ്ണാന്നും വിളിച്ച് പുഴയിലേക്ക് എടുത്തുചാടി; ഒഴുക്കിപ്പെട്ട പെണ്‍കുട്ടിയെ രക്ഷിച്ച 22കാരി ശ്രേയയുടെ കഥ

ഒഴുക്കില്‍പ്പെട്ട് പോയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വച്ച് ഇറങ്ങിയ പെണ്‍കുട്ടിയുടെ ധൈര്യമാണ് ഇപ്പോള്‍ മലപ്പുറം മലപ്പുറം ആലിപ്പറമ്പിലെ നാട്ടുകാര്‍ സംസാരിക്കുന്നത്. ഇന്നത്തെ കാലത്ത് പലരും സ്വന്തം കാര്യങ്ങളിലേ ശ്രദ്ധിക്കുന്ന ലോകത്ത്, മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ തയ്യാറായ ഈ 22 കാരിയുടെ പ്രവൃത്തിയാണ് നാട്ടുകാര്‍ക്കെല്ലാം അഭിമാനമായി തോന്നിയത്. അവളുടെ ധൈര്യവും മനുഷ്യത്വവും നാട്ടുകാര്‍ക്ക് ഒരുപാട് പ്രചോദനമായി. അപകടസമയത്ത് മനുഷ്യന്‍ എങ്ങനെ മറ്റൊരാളുടെ ജീവന്‍ കാക്കാന്‍ തുനിയാം എന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ശ്രേയയുടെ ഈ പ്രവര്‍ത്തി. മലപ്പുറം ആലിപ്പറമ്പില്‍ തൂതപ്പുഴയുടെ ഒഴുക്കില്‍പ്പെട്ട പതിനേഴുകാരിയായ നാജിയുടെ ജീവനാണ് തൂത അമ്പലക്കുന്നിലെ ഇരുപത്തിരണ്ടുകാരി ശ്രേയ രക്ഷിച്ചത്. 

സംഭവം 30-ാം തീയതി വൈകീട്ട് നാലുമണിയോടെയായിരുന്നു. അന്ന് നാജിയ തന്റെ മാതാവിനോടും ബന്ധുക്കളോടും കൂടെ തൂതപ്പുഴയിലെ അമ്പലക്കുന്ന് കടവില്‍ കുളിക്കാനെത്തിയിരുന്നു. ആ സമയത്ത് പുഴയില്‍ വെള്ളത്തിന്റെ ഒഴുക്ക് വളരെ ശക്തമായിരുന്നു. കുളിക്കുന്നതിനിടെ നാജിയ പെട്ടെന്ന് അടിയൊഴുക്കില്‍ പെട്ട് ഒഴുകി പോകുകയായിരുന്നു. ഇത് കണ്ട് മാതാവും ബന്ധുക്കളും ബഹളം വയ്ക്കാന്‍ തുടങ്ങി. അതിനിടയിലാണ് പുഴക്കടവിന് സമീപം ബന്ധുവീട്ടില്‍ വന്ന ശ്രേയ ആ നിലവിളി കേട്ടത്. എന്തോ അപകടം പറ്റിയെന്ന് മനസ്സിലാക്കിയ ശ്രേയ ഉടന്‍ തന്നെ കടവിലേക്ക് ഓടിയെത്തി. അപ്പോള്‍ കണ്ടത് നാജിയ വെള്ളത്തിലൂടെ ഒഴുകി പോകുന്നതാണ്. മുന്നില്‍ വെള്ളത്തില്‍ മുങ്ങിത്താഴാന്‍ പോകുന്ന നാജിയയെ കണ്ടപ്പോള്‍ ശ്രേയയ്ക്ക് മറ്റൊന്നും ആലോചിക്കാന്‍ സമയമുണ്ടായില്ല. ജീവന്‍ അപകടമാണെന്ന് അറിഞ്ഞിട്ടും അവള്‍ നേരെ പുഴയിലേക്ക് ചാടി. അതിനിടയില്‍ ഒഴുക്കില്‍ പെട്ട ഭയന്ന നാജിയ, ശ്രേയയെ കെട്ടിപ്പിടിച്ചു. ഇരുവരും വെള്ളത്തിനടിയിലേക്ക് മുങ്ങി പോകുകയും ചെയ്തു. 

ശ്രേയ വെള്ളത്തിലേക്ക് ചാടിയപ്പോള്‍ പുഴയുടെ ഒഴുക്ക് ശക്തമായിരുന്നു. ആദ്യം പുഴയുടെ അടിത്തട്ടില്‍ കാലുകള്‍ ചവിട്ടി മുകളിലേക്ക് ഉയരാന്‍ ശ്രമിച്ചു. പക്ഷേ അടിത്തട്ടില്‍ ചതുപ്പ് കൂടുതലായതിനാല്‍ കാലുകള്‍ ഉറച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. വെള്ളം നിറഞ്ഞ ചളിയിലൂടെ നീങ്ങാന്‍ ശ്രമിച്ചെങ്കിലും ശരീരം വെള്ളത്തിലേക്ക് മുങ്ങി പോകുകയായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല നാജിയെയും കൊണ്ട് ശ്രേയ വെള്ളത്തിന്റെ അടിയിലൂടെ നീങ്ങി. കര ലക്ഷ്യമാക്കിയായിരുന്നു അവളെയും കെട്ടിപിടിച്ചുകൊണ്ട് നീങ്ങിയത്. പെട്ടെന്നാണ് നീന്തുന്നതിനിടെ ശ്രേയ്ക്ക് ഒരു കല്ലില്‍ പിടുത്തം കിട്ടുന്നത്. ഉടന്‍ തന്നെ ആ കല്ലിന്റെ മുകളില്‍ നില്‍ക്കാന്‍ ശ്രമിച്ചു. ഒപ്പം നാജിയെയും ചേര്‍ത്ത് പിടിച്ചു. കുറച്ച് പരിശ്രമിച്ചതിന് ശേഷമാണ് അവര്‍ക്ക് സുരക്ഷിതമായി ആ കല്ലിന്റെ മേലെ നില്‍ക്കാന്‍ സാധിച്ചത്. ഈ സമയം കരയോട് അടുത്തിരുന്നു രണ്ട് പേരും. ഇവരെ കണ്ട ഉടന്‍ തന്നെ നാജിയയുടെ ഉമ്മ തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ഷാള്‍ എറിഞ്ഞ് വെള്ളത്തിലേക്ക് കൊടുത്തു. ഒടുവില്‍ നാജിയ കരയിലേക്ക് ആദ്യം കയറ്റി. തൊട്ട് പിന്നാലെ ശ്രേയയും കയറി. തന്റെ മകളെ സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷിച്ച ശ്രേയയെ ആ ഉമ്മ കെട്ടിപിടിച്ചു. 

'ആ ഉമ്മയുടെ അവസ്ഥ ആലോചിച്ചപ്പോള്‍ വേറൊന്നും ആലോചിച്ചില്ല. കൃഷ്ണാന്നും വിളിച്ച് പുഴയിലേക്ക് എടുത്തുചാടി ആ കുട്ടിയെ വാരിപ്പിടിച്ചു'- സംഭവത്തെക്കുറിച്ച് ശ്രേയ പറഞ്ഞു. ജീവന്‍ രക്ഷിക്കാനായതില്‍ വളരെ സന്തോഷമുണ്ട്. കുന്നംകുളം കോലോത്തുപറമ്പില്‍ അബു താഹിറിന്റെയും ഹസീനയുടെയും മകളാണ് നാജിയ. ഹസീനയുടെ സഹോദരന്‍ തൂത തെക്കേപ്പുറത്തെ കോരാമ്പിക്കാട് കണ്ടപ്പാടി അബ്ദുറഹ്‌മാന്റെ വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു നാജിയ. തൂത അമ്പലക്കുന്നിലെ കൃഷ്ണനുണ്ണിയുടെയും ശ്രീലതയുടെയും മകളാണ് ശ്രേയ. ജെബി ഫാര്‍മയുടെ മെഡിക്കല്‍ റെപ്രസന്റേറ്റീവാണ്. ശ്രീകാന്ത്, ശ്രീഷ്മ എന്നിവര്‍ സഹോദരങ്ങളാണ്. നജീബ് കാന്തപുരം എംഎല്‍എ, തൂത യൂത്ത് വിങ് ക്ലബ്, തെക്കേപ്പുറം പ്രദേശവാസികള്‍, സിപിഎം, ഡിവൈഎഫ്‌ഐ കമ്മിറ്റികള്‍ എന്നിവര്‍ ശ്രേയയെ അഭിനന്ദിച്ചു.

teenager helped drowning girl

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES