ആറു വര്‍ഷമായി ഒരേയൊരു പ്രതീക്ഷയിലായിരുന്നു വിജയന്റെയും വസന്തയുടെയും ജീവിതം മുന്നോട്ട് പൊയിക്കൊണ്ടിരുന്നത്. കാണാതായി തന്റെ മകന്‍ ഒരുനാള്‍ തിരികെ വരുമെന്ന് അവര്‍ പ്രതീക്ഷിച്ചു. കാണാതായ ദിവസം മുതല്‍ ഇന്ന് വരെ മകന്റെ തിരിച്ച് വരവിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു ആ മാതാപിതാക്കള്‍ ഓരോ ദിവസവും. അയല്‍ക്കാരുടെ ആശ്വസിപ്പിക്കലും ബന്ധുക്കളുടെ ധൈര്യവാക്കുകളും അവര്‍ക്ക് വേണ്ടിയിരുന്നില്ല. അവര്‍ക്ക് അവരുടെ മകനെ മതിയായിരുന്നു. എന്നാല്‍, ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്ന തരത്തില്‍ എത്തിയതാണ് ഇപ്പോള്‍ ലഭിച്ച ദുരന്തവാര്‍ത്ത. മകന്‍ മരിച്ചുവെന്ന് വാര്‍ത്തയാണ് ഇപ്പോള്‍ ആ മാതാപിതാക്കളെ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം തേടിയെത്തിയിരിക്കുന്നത്.
മകന്‍ മരിച്ചുവെന്നും, സുഹൃത്തുക്കളാണ് മൃതദേഹം ചതുപ്പില്‍ താഴ്ത്തിയതെന്നും കേട്ടറിഞ്ഞിട്ടും അത് ഇതുരരെ വിശ്വസിക്കാന്‍ കഴിയുന്നില്ല വിജിലിന്റെ അമ്മ വസന്തയ്ക്കും അച്ഛന്‍ വിജയനും. ആറു വര്‍ഷമായി മകന്റെ വരവിനായി കാത്തിരുന്ന ഇവര്‍ക്ക്, ഇപ്പോഴും അവന്‍ ഒരുനാള്‍ തിരികെ വരും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. 2019 മാര്‍ച്ച് 24-ന് രാവിലെ 9.20-ഓടെ വീട്ടില്‍ നിന്ന് ബൈക്കുമായി പുറപ്പെട്ടതാണ് വിജില്‍. ആ യാത്രയാണ് പിന്നീടവന്റെ ജീവിതം തന്നെ ഇല്ലാതാക്കിയത്. ഓരോ ദിവസവും അവര്‍ വഴിയിലേക്ക് നോക്കി മകന്‍ തിരികെ വരുമെന്ന പ്രതീക്ഷയില്‍ ജീവിച്ച മാതാപിതാക്കള്‍ക്ക്, ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ആ പ്രതീക്ഷകളെ തകര്‍ക്കുന്ന വാര്‍ത്ത മാത്രമാണ്. ഇന്നലെ വരെയും ''മകന്‍ ഒരിടത്ത് ജീവിച്ചിരിക്കുന്നു, ഒരുനാള്‍ തിരികെയെത്തും'' എന്ന് കരുതിയിരുന്ന അവരുടെ എല്ലാ പ്രതീക്ഷയുമാണ് നഷ്ടമായിരിക്കുന്നത്.
വിജയന്റെയും വസന്തയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനായിരുന്നു വിജില്‍. വീട്ടിലെ എല്ലാവര്‍ക്കും വളരെ പ്രിയങ്കരന്‍. സംഭവദിവസം വീട്ടില്‍ നിന്നും പോകുമ്പോള്‍ ''ഉടന്‍ തന്നെ തിരിച്ചു വരാം'' എന്നായിരുന്നു അമ്മയോട് പറഞ്ഞത്. ആ വാക്കില്‍ വിശ്വസിച്ച അമ്മയും അച്ഛനും വൈകുന്നേരം വരെ മകന്റെ വരവിനായി കാത്തിരുന്നു. എന്നാല്‍ സമയം കടന്നിട്ടും വിജില്‍ തിരിച്ചെത്തിയില്ല. പല തവണ ഫോണ്‍ വിളിച്ചെങ്കിലും, ഫോണ്‍ എടുത്തില്ല. രാത്രി വൈകിയിട്ടും കാണാതായതോടെ മാതാപിതാക്കളുടെ മനസ്സില്‍ ഭയം നിറഞ്ഞു. അടുത്ത ദിവസം വീണ്ടും ഫോണില്‍ വിളിച്ചെങ്കിലും ഫോണും ഓഫായിരുന്നു. അപ്പോഴും ''ശരി, രണ്ടുദിവസത്തിനുള്ളില്‍ തിരികെ വരും'' എന്ന പ്രതീക്ഷയിലായിരുന്നു അവര്‍. പക്ഷേ രണ്ട് ദിവസം കഴിഞ്ഞിട്ടും മകന്‍ എത്തിയില്ല.
ഒടുവില്‍ 27-ാം തീയതി വരെ കാത്തിരുന്ന ശേഷമാണ് വിജയനും വസന്തയും പോലീസില്‍ പരാതി നല്‍കിയത്. മകന്‍ കാണാതായെന്ന വിവരം നല്‍കിയപ്പോള്‍ എലത്തൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യ ദിവസം മുതല്‍ തന്നെ മാതാപിതാക്കള്‍ പൊലീസിനൊപ്പം സഹകരിച്ചു, അന്വേഷണത്തില്‍ നിന്ന് ഒരു നല്ല വാര്‍ത്ത എങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കകം രാജ്യത്ത് കോവിഡ് വ്യാപിച്ചതോടെ അന്വേഷണത്തിന്റെ ഗതി മന്ദഗതിയിലായി. ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം പോലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സം നേരിട്ടു. എന്നിട്ടും മാതാപിതാക്കള്‍ മകനെ കണ്ടെത്തുമെന്ന വിശ്വാസത്തില്‍ പല തവണ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. അച്ഛന്‍ വിജയന്റെ വാക്കുകളില്‍, ''എത്ര തവണ സ്റ്റേഷനില്‍ പോയെന്നോ, ഓരോ തവണയും 'ഇനി കിട്ടും' എന്നായിരുന്നു ഉത്തരമെങ്കിലും പ്രതീക്ഷകള്‍ നീണ്ടുപോയി.'' ഈ ഇടയില്‍ അന്വേഷണം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ പല തവണ സ്ഥലം മാറി.
ഓരോ പുതിയ ഉദ്യോഗസ്ഥന്റെയും മുന്നില്‍ വീണ്ടും വീണ്ടും മകന്റെ കഥ പറയേണ്ടി വന്നു. പക്ഷേ, അന്വേഷണം എങ്ങും എത്താത്തപ്പോഴും ഈ അച്ഛനും അമ്മയും പ്രതീക്ഷ കൈവിട്ടിരുന്നില്ല. വിജില്‍ ഒരുനാള്‍ തിരികെ വരുമെന്ന് വിശ്വസിച്ച് അവര്‍ ഇത്രയും നാളും ജീവിച്ചു. വിജിലിനെ ചതുപ്പില്‍ താഴ്ത്തിയതായി ഇപ്പോള്‍ വെളിപ്പെടുത്തിയ സുഹൃത്തുക്കളോടും അന്ന് മകനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാല്‍ സംഭവദിവസം വൈകീട്ടോടെ തങ്ങള്‍ പിരിഞ്ഞു എന്നാണ് അവര്‍ മറുപടി നല്‍കിയത് എന്ന് അച്ഛന്‍ വിജയന്‍ പറയുന്നു. ഇലക്ട്രീഷ്യന്‍ ആയിരുന്ന വിജില്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വീട്ടില്‍ പെരുമാറ്റ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സംശയം തോന്നത്തക്ക വിധം ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിരുന്നില്ല.
വൈകീട്ട് ജോലി കഴിഞ്ഞ് എത്തിയാല്‍ സാധാരണ നിലയില്‍ വീട്ടില്‍ തന്നെ ചെലവഴിക്കുന്ന മകന്‍ ലഹരി ഉപയോഗിച്ച് മരിച്ചെന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിജയനും വസന്തയും ഒരുപോലെ പറയുന്നു. കേസുമായി ബന്ധപ്പെട്ട ഇപ്പോള്‍ അറസ്റ്റിലായ അവന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്താല്‍ മകന് എന്ത് സംഭവിച്ചു എന്ന് തെളിയിക്കാന്‍ കഴിയും എന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ. വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ചയാണ് വന്‍ വഴിത്തിരിവ് ഉണ്ടായത്. അമിതമായ ലഹരി ഉപയോഗിച്ച വിജില്‍ മരിച്ചുവെന്നും പിന്നാലെ തങ്ങള്‍ അയാളുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നുമാണ് സുഹൃത്തുക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. നിഖില്‍, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് എലത്തൂര്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.