ഒരു കാലത്ത് ഗ്ലാമറസ് റോളുകളിലൂടെ തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച താരമാണ് മുംതാജ്.ഒരു ഘട്ടത്തില്‍ സിനിമാ രംഗം വിട്ട നടി മതപരമായ ജീവിതത്തിലേക്ക് കടന്നു. തന്റെ മതവിശ്വാസപ്രകാരം ഇത് തെറ്റാണെന്ന് പറഞ്ഞാണ് മുംതാസ് അഭിനയത്തില്‍ നിന്ന് പിന്മാറിയത്. മുമ്പ് ഗ്ലാമറസ് റോളുകള്‍ ചെയ്തതില്‍ മുംതാസിന് വലിയ കുറ്റബോധമുണ്ട്. പുതിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് മുംതാസ് തുറന്ന് സംസാരിക്കുന്നുണ്ട്. ബിഹൈന്റ്വുഡ്‌സ് ടിവി തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചില്‍.
താന്‍ മുമ്പ് യുവതലമുറയെ വഴിതെറ്റിച്ചു എന്നും, എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കാനാണ് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നതെന്നും താരം തുറന്നുപറയുന്നു. 'ഒരു കാലത്ത് ഞാന്‍ യുവതലമുറയെ വഴിതെറ്റിച്ചു എന്ന് പറയുന്നതില്‍ എനിക്ക് മടിയൊന്നുമില്ല. അന്നത്തെ എന്റെ വേഷങ്ങളും പ്രകടനങ്ങളും ഒരു വിഭാഗം യുവതയെ തെറ്റായ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇന്ന്, മറ്റുള്ളവര്‍ക്ക് ശരിയായ പാതയിലേക്ക് വെളിച്ചം നല്‍കാന്‍ ദൈവം എന്നെ തിരഞ്ഞെടുത്തതായി ഞാന്‍ വിശ്വസിക്കുന്നു. ഇതിനെ എന്റെ പശ്ചാത്താപമായി കണക്കാക്കിക്കോളൂ,' മുംതാജ് പറഞ്ഞു.
കാലഘട്ടത്തിനനുസരിച്ച് ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ മാറിയെന്നും, ആത്മീയമായ ഒരു ചിന്താഗതിയിലേക്ക് താന്‍ എത്തിച്ചേര്‍ന്നുവെന്നുമാണ് നടിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന. തന്റെ ഇപ്പോഴത്തെ സാമ്പത്തിക നിലയെക്കുറിച്ചും വരുമാന മാര്‍ഗ്ഗത്തെക്കുറിച്ചും നടി വ്യക്തത വരുത്തി. പലരും ധരിക്കുന്നത് പോലെ ഇപ്പോള്‍ സിനിമയില്‍ നിന്നല്ല തനിക്ക് വരുമാനം ലഭിക്കുന്നതെന്ന് മുംതാജ് അടിവരയിട്ട് പറയുന്നു. 'സിനിമാ മേഖലയില്‍ നിന്ന് ഞാന്‍ ഇപ്പോള്‍ പണം സമ്പാദിക്കുന്നില്ല. എനിക്ക് ദൈവാനുഗ്രഹത്താല്‍ ധാരാളം പ്രോപ്പര്‍ട്ടികളുണ്ട്. അതില്‍ നിന്നുള്ള വാടകയാണ് എന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. അതുകൊണ്ട് തന്നെ പണത്തിന് വേണ്ടി എനിക്ക് ഇപ്പോള്‍ ആരെയും ആശ്രയിക്കേണ്ട ആവശ്യമോ കഷ്ടപ്പെടേണ്ട കാര്യങ്ങളോ ഇല്ല.
ഇതിന് ശേഷവും ഞാന്‍ സിനിമയില്‍ നിന്ന് പൈസയുണ്ടാക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന് മറുപടി കൊടുക്കേണ്ട ബാധ്യത എനിക്കില്ല,' മുംതാജ് കൂട്ടിച്ചേര്‍ത്തു. പൊതുജനത്തിന്റെ അഭിപ്രായങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും, നിലവില്‍ താന്‍ സാമ്പത്തികമായി സ്വയംപര്യാപ്തയാണെന്നും ഈ പ്രസ്താവനയിലൂടെ അവര്‍ ഉറപ്പിച്ചു പറയുന്നു.
മോനിഷ എന്‍ മോണാലിസ എന്ന ചിത്രത്തിലൂടെയാണ് മുംതാജ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് തമിഴ് സിനിമയിലെ ഗ്ലാമര്‍ റോളുകളിലും ഐറ്റം നമ്പറുകളിലുമായിരുന്നു നടിയുടെ ശ്രദ്ധേയമായ സാന്നിധ്യം. ഇളയദളപതി വിജയ് നായകനായ 'ഖുഷി' എന്ന ചിത്രത്തിലെ 'കട്ടിപ്പുടിടാ കട്ടിപ്പുടിടാ' എന്ന ഗാനം മുംതാജിന്റെ കരിയറിലെ ഒരു വലിയ വഴിത്തിരിവായിരുന്നു. ഈ ഗാനം യുവ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ തരംഗമായി മാറി.
കൂടാതെ, 'ജെമിനി', 'താണ്ഡവം' ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ 'ടോമി'യാണ് നടി അവസാനമായി അഭിനയിച്ച ചിത്രം. സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുത്ത ശേഷം, 2018-ല്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസണ്‍ 2-വിലെ മത്സരാര്‍ത്ഥിയായും മുംതാജ് എത്തിയിരുന്നു.