ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക: ചാപ്റ്റര്‍ 1-ചന്ദ്രയെ അഭിനന്ദിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. 'ഒരു സിനിമയുടെ വിജയം, വിഷയം എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ്. അതാണ് ലോകയും ചെയ്തിരിക്കുന്നത്,' ജീത്തു അഭിപ്രായപ്പെട്ടു. തന്റെ പുതിയ ചിത്രം മിറാഷ്‌ന്റെ റിലീസിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
'മമ്മി ആന്‍ഡ് മീ എടുക്കാന്‍ ഒരിക്കല്‍ രണ്ടര വര്‍ഷം നിര്‍മാതാവിനെ തേടിപ്പോയി നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറിയിട്ടുണ്ട്,' ജീത്തു പറഞ്ഞു. തന്റെ കൂടെ മിറാഷ്യിലെ നായകന്‍ ആസിഫ് അലിയുമുണ്ടായിരുന്നു.
വ്യത്യസ്ത ജോണറുകളില്‍ സിനിമകള്‍ ചെയ്യാനുള്ള താത്പര്യവും സംവിധായകന്‍ വ്യക്തമാക്കി. 'ഒരു ഇന്‍ഡസ്ട്രിയില്‍ എല്ലാത്തരം സിനിമകളും വരണം. ഇപ്പോള്‍ ലോക പോലൊരു സൂപ്പര്‍ഹീറോ സിനിമ വന്നിട്ടുണ്ട്. അതിനെ തുടര്‍ന്നും എല്ലാവരും സൂപ്പര്‍ഹീറോ സിനിമ മാത്രം ചെയ്യരുത്. നമ്മുടേതായ കഥകള്‍ കോമഡി ആയാലും ഡ്രാമ ആയാലും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കണം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അത് വിജയിക്കും,' ജീത്തു പറഞ്ഞു.
'രണ്ട് മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയത് തന്നെയാണ് മിറാഷ്യുടെ സ്‌ക്രിപ്റ്റ്. ഇപ്പോള്‍ കുട്ടികള്‍ക്കായി തയ്യാറാക്കുന്ന കഥകളടക്കം പല പ്രോജക്റ്റുകളും ഞാന്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു പ്രത്യേക ജോണറില്‍ മാത്രം ഒതുങ്ങണമെന്ന നിലപാട് എനിക്ക് ഇല്ല. അവസരം ലഭിക്കുമ്പോള്‍ സൂപ്പര്‍ഹീറോ സിനിമയും ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീ-പുരുഷ കേന്ദ്രികൃതമായ വേര്‍തിരിവുകള്‍ ഇപ്പോള്‍ പ്രസക്തിയില്ലെന്നും, പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടാല്‍ അത് വിജയിക്കുമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. 'മലയാള സിനിമയെ മാതൃകയാക്കി മറ്റ് ഭാഷാ ഇന്‍ഡസ്ട്രികളും മാറിക്കൊണ്ടിരിക്കുകയാണ്. വിപണി വലുതാകുകയാണ്. മലയാള സിനിമയ്ക്ക് അനുകൂലമായ സമയമാണിത്,' ജീത്തു പറഞ്ഞു.