മോഹന്‍ലാലിനെ നായകനാക്കി സംവിധാനംചെയ്യുന്ന 'ദൃശ്യം' സിനിമാ പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് എഴുതി പൂര്‍ത്തിയാക്കിയതായി സംവിധായകന്‍ ജീത്തു ജോസഫ്.മാനസികവും ശാരീരികവുമായുള്ള പോരാട്ടമായിരുന്നു അതെന്ന് മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേ ജീത്തു ജോസഫ് പറഞ്ഞു.
'ഇന്നലെ രാത്രിയാണ് ഞാന്‍ ദൃശ്യം 3യുടെ ക്ലൈമാക്‌സ് എഴുതി ക്ലോസ് ചെയ്തത്. ഇത്രയും നാളും അതിന്റെ ടെന്‍ഷനിലായിരുന്നു. കാരണം മിറാഷ് എന്ന ആസിഫ് അലി പടത്തിന്റെ ഷൂട്ട്, വലതുവശത്തെ കള്ളന്‍ പടത്തിന്റെ പരിപാടി. എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് എഴുതും. മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു. പക്ഷേ ഇന്നലെ ആ റിലീഫ് കിട്ടി. ഇവിടെ മ്യൂസിക് ഇട്ടപ്പോള്‍ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ്'', ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് നല്‍കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോര്‍ജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബര്‍ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോര്‍ഡുകളുമാണ് തകര്‍ത്തെറിഞ്ഞത്.
75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.