ടെലിവിഷന്‍ അവതാരകയായി എത്തിയ അഭിനേത്രിയായി മാറിയ ആളാണ് നടി ജുവല്‍ മേരി. മഴവില്‍ മനോരമയിലെ 'ഡി ഫോര്‍ ഡാന്‍സ്' എന്ന പരിപാടിയില്‍ അവതാരകയായി പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവാന്‍ അവസരം ലഭിക്കുന്നത്. പിന്നീട് സിനിമ അഭിനയത്തോടൊപ്പം അവതാരക ജോലിയും ഒരേ പോലെ കൊണ്ട് പോകുന്ന നടി ഇപ്പോള്‍ യൂട്യൂബ് ചാനലുകളിലെ അവതാരകരൊട് ചില നിര്‍ദ്ദേശങ്ങള്‍ നല്കുകയും അവരെ വിമര്‍ശിച്ചും രംഗത്തെത്തുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട രണ്ട് അഭിമുഖങ്ങളുടെ പശ്ചാത്തലത്തിലാണ് ജുവല്‍ മേരിയുടെ പ്രതികരണം. മണ്ടത്തരം പറയുന്നത് ക്യൂട്ട്നെസ് അല്ല. നമ്മുടെ വാക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും മറ്റുള്ളവരെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന ബോധം വേണമെന്നുമാണ് ജുവല്‍ മേരി പറയുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ജുവല്‍ മേരിയുടെ പ്രതികരണം. കുറിപ്പിലൂടേയും വീഡിയോയിലൂടേയും ജുവല്‍ മേരി തന്റെ പ്രതികരണം അറിയിക്കുന്നുണ്ട്.
''മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല. ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫണ്‍ അല്ല. തലക്കു വെളിവുള്ള മനുഷ്യര്‍ക്കു ഇതിലൊരു ക്യൂരിയോസിറ്റി ഇല്ല. അവതാരകരോടാണ് നിങ്ങള്‍ ഒരു ക്യാമറക് മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട് . അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട്! ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോ ഇതേ കഥ ജീവിതത്തില്‍ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത്. ഒളിഞ്ഞു നോട്ടത്തിലെ ക്യൂരിയോസിറ്റി ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ പ്രൊമോട്ട് ചെയ്യുമ്പോ എത്ര പൊട്ടന്‍ഷ്യല്‍ ക്രിമിനല്‍സിനു ആണ് നിങ്ങള്‍ വളം വൈകുന്നത്. ഇനിയും വൈകിയിട്ടില്ല. ബി ബെറ്റര്‍ ഹ്യൂമന്‍സ്. നല്ല മനുഷ്യരാവുക ആദ്യം. ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകള്‍ക്കു അല്പം മൂര്‍ച്ചയുണ്ട്. ഇതിനെ ഇനി മയപ്പെടുത്തി പറയാന്‍ കഴിയില്ല'' എന്ന കുറിപ്പോടെയാണ് ജുവല്‍ മേരി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ജുവല്‍ മേരിയുടെ വാക്കുകള്‍:
ആങ്കറിംഗ് എന്ന തൊഴില്‍ ചെയ്യുന്നവരോടാണ്. നിങ്ങള്‍ വാര്‍ത്താ അവതരാകയായിക്കോട്ടെ, ടെലിവിഷന്‍ അവതാരക ആയിക്കോട്ടെ, എംസി ആയിക്കോട്ടെ, ഇന്റര്‍വ്യുവര്‍ ആയിക്കോട്ടെ. എന്തൊക്കെയാണെങ്കിലും ഈ ജോലി ചെയ്യുമ്പോള്‍ നമ്മുടെ ചോദ്യങ്ങളും ഉദ്ദേശങ്ങളും ടോണുമെല്ലാം ആളുകളെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന ബോധ്യം വേണം. നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ തന്നിരിക്കുന്ന ചോദ്യം എന്താണെന്ന് ഒരു തവണ വായിച്ചു നോക്കുക, അത് ചോദിക്കാന്‍ കൊള്ളില്ല, എന്റെ മനസാക്ഷിയ്ക്ക് നിരക്കാത്തതാണ് എന്ന് പറയാനുള്ള ആര്‍ജവമുണ്ടാകണം.
സത്യം പറഞ്ഞാല്‍ എനിക്ക് ദേഷ്യം വന്നു. എന്ത് മനുഷ്യരാണ് നിങ്ങളൊക്കെ. മോശം അല്ലേ ഇതൊക്കെ. ഒരാളുടെ ചോദ്യം, ആദ്യമായിട്ടുണ്ടായ കുഞ്ഞ് മരിച്ചപ്പോള്‍ ആ ഓര്‍മ നിങ്ങളുടെ എല്ലാ സന്തോഷങ്ങളും കെടുത്തിയോ, അത് ഭയങ്കര സന്തോഷത്തിലാണ് ചോദിക്കുന്നത്. എനിക്ക് അത് കണ്ടപ്പോള്‍ മനസിലായത് അവര്‍ ആ ചോദ്യം മുമ്പ് വായിച്ചില്ല എന്നതാണ്. അതുകൊണ്ടാണ് ചോദ്യം ചോദിച്ച ശേഷം എനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞത്. അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അവതാരക എന്ന നിലയില്‍ നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണത്. നിങ്ങളാണ് ക്യാമറയ്ക്ക് മുമ്പിലിരിക്കുന്നത്. എന്താണ് ചോദിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞിരിക്കണം.
വേറൊരു മഹത്തായ ഇന്റര്‍വ്യു. കുളി മുറിയില്‍ ഒളിഞ്ഞു നോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നു, ക്യൂരിയോസിറ്റി ആയിരുന്നു എന്നൊക്കെ. അവനോ വെളിവില്ലാതെ ചെയ്ത ക്രൈമൊക്കെ വിളിച്ച് പറയുന്നു. അതിനെ എങ്ങനെയാണ് ഇത്ര നിസാരവത്കരിക്കാന്‍ സാധിക്കുന്നത്. ആങ്കര്‍ എന്നത് ശമ്പളം വാങ്ങുന്ന തൊഴിലാളി മാത്രമല്ല. നിങ്ങളൊരു വ്യക്തിയാണ്, നിങ്ങള്‍ക്കൊരു വ്യക്തിത്വമുണ്ട്, മനസാക്ഷിയുണ്ട്. ആ ബോധമുണ്ടാകണം. കുറച്ച് സെന്‍സിബിള്‍ ആയിരിക്കണം. നിങ്ങളെ കാണുന്ന മനുഷ്യരില്‍ സ്വാധീനമുണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ചോദ്യങ്ങളുടെ നിലവാരമില്ലായ്മ, അതിലുള്ള ദ്വയാര്‍ത്ഥങ്ങള്‍, അതിലുള്ള വൃത്തികേടുകള്‍ എല്ലാം കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്.
ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയിരുന്ന, മനുഷ്യരോട് ഇടപെടുന്ന, മനുഷ്യത്വമുള്ള, സെന്‍സുള്ള, വായനയുള്ള, കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിവുള്ള ആങ്കര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഇടം കണ്ടെത്താനാകും. ഒരു ചോദ്യം കൊണ്ടു തരുമ്പോള്‍ അത് വേണ്ട, ഞാനത് ചോദിക്കില്ല, അത് കൊള്ളില്ല, ശരിയാകില്ല എന്ന് പറയാനുള്ള ധൈര്യം കാണിക്കെന്നേ. ഇച്ചിരിയൊക്കെ ഡെയറിങ് ആകണം.
ഞാനും ഒരുപാട് വലിയ വലിയ ഷോകള്‍ ചെയ്തിട്ടുണ്ട്. എത്രയോ തവണ ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ എന്റെയടുത്ത് വന്നിട്ടുണ്ട്. ഞാന്‍ പറഞ്ഞിട്ടുണ്ട് ചേട്ടാ അത് ഞാന്‍ ചോദിക്കില്ല എന്ന്. അതിന് പകരം മറ്റൊരു ചോദ്യമോ നിര്‍ദ്ദേശമോ പങ്കുവെക്കും. അവിടെയാണ് നിങ്ങളൊരു ക്രിയേറ്റീവ് പേഴ്സണ്‍ ആകുന്നത്. അല്ലാതെ ഇങ്ങനെ ചെളിയിലും ചാണകത്തിലും കയ്യിട്ട് ഇളക്കരുതേ. ഭയങ്കര മോശമായി വരികയാണ്. ആ ജോലിയുടെ നിലവാരത്തെ ഒന്നുയര്‍ത്താന്‍ ശ്രമിക്കൂ. നിങ്ങള്‍ക്ക് സാധിക്കും.