സിനിമാലോകവും പൊതുജീവിതവും ഒരുപോലെ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ ആശംസകളുടെ പ്രവാഹമാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലം അഭിനയത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന താരം ഇപ്പോള്‍ പൂര്‍ണ ആരോഗ്യത്തോടെ വീണ്ടും സിനിമയിലേക്കു മടങ്ങുന്നതില്‍ നിരവധി പ്രമുഖര്‍ സന്തോഷം പ്രകടിപ്പിച്ചു.
രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോണ്‍ ബ്രിട്ടാസ്, മമ്മൂട്ടിയുടെ തിരിച്ചുവരവ് 'അഭിനയമികവിന്റെ പുതിയ ഭാവതലങ്ങള്‍ക്ക് കാത്തിരിപ്പാണ്' എന്ന് സാമൂഹിക മാധ്യമ കുറിപ്പില്‍ വ്യക്തമാക്കി. നടി മാലാ പാര്‍വതി മമ്മൂട്ടി പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തുവെന്ന് അറിയിച്ചു. നിര്‍മാതാക്കളായ എസ്.ജോര്‍ജ്, ആന്റോ ജോസഫ്, സംവിധായകരായ റത്തീന, ജൂഡ് ആന്തണി ജോസഫ്, നടന്‍ രമേഷ് പിഷാരടി തുടങ്ങി നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ ആശംസകള്‍ പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന കളങ്കാവല്‍ റിലീസിനൊരുങ്ങുകയാണ്. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അതേസമയം, മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരോടൊപ്പം മമ്മൂട്ടിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ജോണ്‍ ബ്രിട്ടാസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
നോവിന്റെ തീയില്‍ മനം കരിയില്ല...
പരീക്ഷണത്തിന്റെ വാള്‍ വീശലുകളില്‍ പതറുകയുമില്ല...
വീശുന്ന കൊടുങ്കാറ്റുകള്‍ ചിരികൊണ്ടു നേരിടും...
പെയ്യുന്ന പേമാരികള്‍ മുറിച്ചു നടക്കും... ആത്മവിശ്വാസത്തിന്റെ
പാറമേല്‍ ഉറച്ചുനിന്നു തലയുയര്‍ത്തും...
പ്രിയപ്പെട്ട മമ്മൂക്കാ ....
ഇനി എത്രയോ കാതങ്ങള്‍ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് ...
അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു ..
ഒത്തിരി സന്തോഷത്തോടെ ..
നിറഞ്ഞ സ്നേഹത്തോടെ..