20 വര്‍ഷമായി ലൈവ് സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നുവെങ്കിലും സ്റ്റേജില്‍ കയറുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നുണ്ടെന്ന് ഗായിക ജ്യോത്സ്ന രാധാകൃഷ്ണന്‍. പരിപാടിക്ക് മുന്നോടിയായുള്ള മാനസിക തയ്യാറെടുപ്പുകളും അനുഭവങ്ങളും തുറന്ന് പറഞ്ഞ് ഗായിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'ഒരു പരിപാടി തീരുമാനിക്കുന്ന നിമിഷം മുതല്‍ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിക്കും. മാനേജ്മെന്റ് ടീം ഉണ്ടായാലും കാര്യങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കും. സ്റ്റേജില്‍ കയറുന്നതിന് മുന്‍പ് നെഞ്ചിടിപ്പ് കൂടും. സ്റ്റേജ്, സൗണ്ട്, ലൈറ്റ്, വെള്ളം എല്ലാം ശരിയായിട്ടുണ്ടോ എന്ന് ഉറപ്പാക്കും,' ജ്യോത്സ്ന കുറിച്ചു.
പരിപാടി നടക്കുന്ന ദിവസം യോഗയും മെഡിറ്റേഷനും ചെയ്യാറുണ്ടെന്നും അത് പരിപാടിയുടെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്നുവെന്നും ഗായിക പറഞ്ഞു. 'സ്റ്റേജില്‍ കയറിയാല്‍ പിന്നെ ഞാനും ടീമും പരമാവധി നല്‍കി പരിപാടി ചെയ്യും. ആ കുറച്ച് മണിക്കൂറുകള്‍ ആത്മീയ അനുഭവം പോലെ തോന്നും,' ജ്യോത്സ്ന പറഞ്ഞു. പരിപാടിക്ക് ശേഷം ഒറ്റയ്ക്ക് ഇരുന്നു എല്ലാത്തിനും നന്ദി പറയുന്ന പതിവുണ്ടെന്നും അത് നെഗറ്റീവ് ചിന്തകള്‍ നീക്കാന്‍ സഹായിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 'എന്റെ കാര്യങ്ങള്‍ സത്യമായി പറഞ്ഞു. ആര്‍ക്കെങ്കിലും ഇതുപോലെ തോന്നുന്നുണ്ടോ?' എന്നായിരുന്നു ജ്യോത്സ്നയുടെ പോസ്റ്റിന്റെ അവസാന വാക്കുകള്‍.
ഗായിക സയനോര ഫിലിപ്പ് പോസ്റ്റിനു താഴെ കമന്റ് ചെയ്ത് താനും സ്റ്റേജില്‍ കയറുമ്പോള്‍ ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. 'ഇരുപത് വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിട്ടും ഇപ്പോഴും പരിപാടിക്ക് മുന്‍പ് നര്‍വസ് അനുഭവം ഉണ്ടാകാറുണ്ട്,' സയനോര പറഞ്ഞു.