സംസ്ഥാനത്തെ സിനിമാ ടിക്കറ്റ് നിരക്കുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപ്ലെക്‌സ് ഉള്‍പ്പെടെ എല്ലാ തീയറ്ററുകളിലും സിനിമാ ടിക്കറ്റിന് പരമാവധി 200 രൂപ മാത്രമേ ഈടാക്കാവൂ. നികുതികള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. 2025 ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) ഭേദഗതി നിയമത്തിലാണ് പുതിയ തീരുമാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ക്കും നിയമം ബാധകമാകും.
പ്രീമിയം സൗകര്യങ്ങളുള്ള, 75 സീറ്റുകള്‍ അല്ലെങ്കില്‍ അതില്‍ താഴെ സീറ്റുകള്‍ മാത്രം ഉള്ള സ്‌ക്രീനുകള്‍ക്കാണ് ഒഴിവ് നല്‍കിയിരിക്കുന്നത്. 1964 ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) നിയമത്തിലെ സെക്ഷന്‍ 19 പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് 2014 ലെ നിയമങ്ങള്‍ ഭേദഗതി ചെയ്തത്.
ഔദ്യോഗിക ഗസറ്റില്‍ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. വര്‍ധിച്ചുകൊണ്ടിരിക്കുന്ന സിനിമാ ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നടപടി.