ഓണത്തിന് തരംഗമായി 'ഓണം മൂഡ്'; വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും ഇന്‍സ്റ്റഗ്രാം റീലുകളും ഈ പാട്ട് മാത്രം; യൂട്യൂബില്‍ മാത്രം കണ്ടിരിക്കുന്നത് 25 മില്യണിലധികം പ്രേക്ഷകര്‍

Malayalilife
ഓണത്തിന് തരംഗമായി 'ഓണം മൂഡ്'; വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും ഇന്‍സ്റ്റഗ്രാം റീലുകളും ഈ പാട്ട് മാത്രം; യൂട്യൂബില്‍ മാത്രം കണ്ടിരിക്കുന്നത് 25 മില്യണിലധികം പ്രേക്ഷകര്‍

സാഹസം സിനിമയിലെ സരിഗമ പുറത്തിറക്കിയ 'ഓണം മൂഡ്' ഗാനം ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഹൃദയസ്പന്ദനമായി മാറി. കേരളത്തിലും പ്രവാസ മലയാളികളിലും ഒരുപോലെ ഏറ്റുപാടപ്പെട്ട ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ചു.

''പറ പറ പറപറക്കണ പൂവേ പൂവേ'' എന്ന് തുടങ്ങുന്ന ഈ പാട്ട്, വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും ഇന്‍സ്റ്റഗ്രാം റീലുകളും നിറച്ചു. ബിബിന്‍ അശോകിന്റെ സംഗീതവും വിനായക് ശശികുമാറിന്റെ വരികളും ചേര്‍ന്ന ഗാനം ഫെജോ, ഹിംന ഹിലരി, ഹിനിത ഹിലരി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഗാനത്തിന്റെ ആകര്‍ഷകമായ താളവും ആഘോഷാഭരണമായ വരികളും പ്രേക്ഷകര്‍ ആഘോഷത്തിന്റെ ഭാഗമായി ഏറ്റെടുത്തു.

യൂട്യൂബില്‍ മാത്രം 25 മില്യണിലധികം പ്രേക്ഷകര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ 1,90,000ലധികം റീലുകളില്‍ ഈ ഗാനം ഉപയോഗിച്ചു. 50,000ത്തിലധികം യൂട്യൂബ് ഷോര്‍ട്ട്‌സിലും ഇത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ ഡോര്‍ട്മുണ്ട് തുടങ്ങിയ പ്രമുഖ സ്‌പോര്‍ട്സ് ടീമുകളും ഈ പാട്ട് ഉപയോഗിച്ച് ആരാധകര്‍ക്ക് ഓണം ആശംസകള്‍ നേര്‍ന്നു.

സ്‌പോട്ടിഫൈയുടെ കൊച്ചി ടോപ്പ് സോങ്സ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും ഇന്ത്യയിലെ ടോപ്പ് സോങ്സ് ചാര്‍ട്ടില്‍ 135ാം സ്ഥാനവും 'ഓണം മൂഡ്' സ്വന്തമാക്കി. സ്‌പോട്ടിഫൈയുടെ വൈറല്‍ സോങ്സ് ഇന്ത്യ ലിസ്റ്റില്‍ 13ാം സ്ഥാനവും ഗ്ലോബല്‍ വൈറല്‍ ചാര്‍ട്ടില്‍ 53ാം സ്ഥാനവും നേടി.

''ഓണത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ ആഘോഷിക്കുന്ന ഗാനമാണ് 'ഓണം മൂഡ്'. കേരളത്തില്‍ നിന്നും ആഗോള വേദികളിലേക്ക് മലയാളികളുടെ മനസില്‍ ഇടം നേടിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,'' എന്ന് സരിഗമ ഇന്ത്യ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. സംഗീത-വിനോദ രംഗത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ സ്ഥാപനമായ സരിഗമയുടെ കൈവശം 1,40,000ലധികം ഗാനങ്ങളുള്ള വിപുലമായ ശേഖരം നിലവിലുണ്ട്.

onam mood song trend insta shorts

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES