Latest News

മാറിടങ്ങളും നാഭിച്ചുഴിയും ലൈംഗികതയുടെ അടയാളങ്ങളല്ലെന്നും മാതൃത്വത്തിന്റെ പ്രതീകങ്ങളാണെന്നും ഈ സമൂഹത്തെ പഠിപ്പിക്കണം; മാറേണ്ടത് സമൂഹത്തിന്റെ മനോഭാവമാണ്; തിരുവനന്തപുരം ഡെപ്യുട്ടി മേയര്‍ രാഖി രവികുമാര്‍ എഴുതുന്നു

Malayalilife
topbanner
മാറിടങ്ങളും നാഭിച്ചുഴിയും ലൈംഗികതയുടെ അടയാളങ്ങളല്ലെന്നും മാതൃത്വത്തിന്റെ പ്രതീകങ്ങളാണെന്നും ഈ സമൂഹത്തെ പഠിപ്പിക്കണം; മാറേണ്ടത് സമൂഹത്തിന്റെ മനോഭാവമാണ്; തിരുവനന്തപുരം ഡെപ്യുട്ടി മേയര്‍ രാഖി രവികുമാര്‍ എഴുതുന്നു

ന്താരാഷ്ട്ര ബാലികാ ദിനവും വെറുമൊരു ദിനമായി കടന്നു പോയിരിക്കുന്നു. ലോകമെമ്ബാടുമുള്ള പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ വേട്ടയാടപ്പെടുന്നത് ഇന്ത്യയിലെ പെണ്‍ ബാല്യങ്ങളാണ്. ഭ്രൂണം മുതലേ നേരിടേണ്ടി വരുന്ന ഭയം.. അവഗണന... ഭീഷണി..

ഭ്രൂണത്തിലുള്ളത് പെണ്ണാണെന്നറിഞ്ഞാല്‍ വേട്ടക്കാരാകുക മാതാപിതാക്കള്‍ തന്നെ..
പെണ്ണിനെ ഇഷ്ടപ്പെടുന്ന അച്ഛനമ്മമാര്‍ പിറവിക്ക് അനുമതി കൊടുത്താല്‍ വേട്ടക്കാരായി സമൂഹവും..
ഇതിനെയെല്ലാം അതിജീവിച്ച്‌ അധികാര സ്ഥാനങ്ങളിലെത്തിയാല്‍ ആ വനിത ആഘോഷിക്കപ്പെടും.. അനുമോദിക്കപ്പെടും..
ബഹുമാനിക്കപ്പെടും..

വിജയസോപാനമേറുന്ന പെണ്ണിന് കരഘോഷമല്ല ഇവിടെ വേണ്ടത്. മറിച്ച്‌ പേടിയില്ലാതെ പിറക്കാനും മാന്യമായി ജീവിക്കാനും കഴിയുന്ന സാഹചര്യം സംജാതമാകണം. പെണ്ണുടലുകളെ കാഴ്‌ച്ച വസ്തുക്കളും വില്‍പ്പനച്ചരക്കുകളുമായി കാണുന്ന ലോകത്തിന്റെ കണ്ണിനാണ് കുഴപ്പം. അതിനാണ് ചികിത്സ വേണ്ടതും.

2012 മുതല്‍ ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നുണ്ട്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുമുണ്ട്. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാറുണ്ട്. അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവല്‍ക്കരണം നല്‍കാറുണ്ട്.

പക്ഷേ.. ഈ ദിനത്തിലുള്‍പ്പെടെ പെണ്ണുടലുകള്‍ ആക്രമണത്തിനിരയാകാറുണ്ട്..
അവരുടെ ആത്മാഭിമാനം ചവിട്ടിയരക്കപ്പെടാറുണ്ട്..
വേട്ടക്കാരന്റെ കൈകളാല്‍ കൊല്ലപ്പെടാറുണ്ട്..

മാറേണ്ടത് സമൂഹത്തിന്റെ കാഴ്‌ച്ചപ്പാടുകളാണ്. നമ്മുടെ ആണ്‍കുട്ടിളെ പഠിപ്പിക്കേണ്ടത് സ്ത്രീയെ ബഹുമാനിക്കാനാണ്. ഓരോ പെണ്ണിനും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്നും ഇവിടുത്തെ പൊതുഇടങ്ങളെന്നും അവരെ പഠിപ്പിക്കണം. മാറിടങ്ങളും നാഭിച്ചുഴിയും ലൈംഗികതയുടെ അടയാളങ്ങളല്ലെന്നും മാതൃത്വത്തിന്റെ പ്രതീകങ്ങളാണെന്നും ഈ സമൂഹത്തെ പഠിപ്പിക്കണം. പെണ്‍ശരീരങ്ങള്‍ക്കുള്ളിലും ആത്മാഭിമാനമുള്ള ഒരു മനസ്സുണ്ട് എന്ന് മനസ്സിലാക്കിക്കണം.

ലോകത്ത് ഇന്ന് നടക്കുന്ന പോരാട്ടങ്ങളൊന്നും സ്ത്രീ സമത്വത്തിന് വേണ്ടിയുള്ളതല്ല. മറിച്ച്‌, സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് ഉയരുന്നത്. അമ്മയുടെ ഗര്‍ഭ പാത്രം മുതല്‍ സ്വന്തം രാജ്യത്തെ പൊതു ഇടങ്ങളില്‍ വരെ സുരക്ഷിതരല്ലാത്ത പെണ്‍ജന്മങ്ങള്‍ക്ക് വരും കാലമെങ്കിലും സുരക്ഷിതമാകാന്‍ വേണ്ടത് പുരുഷ മേധാവിത്വത്തിനെതിരായ ചെറുത്ത് നില്‍പ്പുകള്‍ തന്നെയാണ്. കണ്ണുരുട്ടേണ്ടവനെ കണ്ണുരുട്ടിയും തല്ലു കൊടുക്കേണ്ടിടത്ത് തല്ല് തന്നെ കൊടുത്തും പ്രക്ഷേഭം വേണ്ടിടത്ത് അത് സംഘടിപ്പിച്ചും തന്നെയാകണം സ്ത്രീ സുരക്ഷ സ്ഥാപിച്ചു കിട്ടാന്‍. സ്ത്രീ സുരക്ഷക്കായി ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തില്‍ പോലും ഇരയെന്ന വാക്കിനാല്‍ പെണ്ണിനെ അടയാളപ്പെടുത്തേണ്ടി വരുന്നതാണ് ഏറ്റവും ഭയാനകം. നിയമത്തിന്റെ അഭാവമോ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വമോ അല്ല, സമൂഹത്തിന്റെ മനോഭാവമാണ് ഈ ദുരവസ്ഥക്ക് കാരണം.

മാറേണ്ടത് സമൂഹത്തിന്റെ മനോഭാവമാണ് എന്ന് ഉറക്കെ പറയാന്‍ സ്ത്രീകള്‍ക്ക് കഴിയണം. വേട്ടക്കാരനെ ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ കൈകാര്യം ചെയ്യാനും തന്റേടമുള്ളവരായി പെണ്‍കുട്ടികളെ വളര്‍ത്തണം. ഇന്ന് ലോകത്തെ പെണ്‍കുട്ടികള്‍ നേരിടുന്ന അവഗണന അവസാനിപ്പിക്കാന്‍ മറ്റ് കുറുക്കു വഴികളില്ല.

വാല്‍ക്കഷ്ണം:
1994 കെയ്റോ കോണ്‍ഫറന്‍സിനെത്തുടര്‍ന്നാണ് കൗമാരക്കാരുടെ പ്രശ്നങ്ങള്‍ ലോകസമൂഹം ഗൗരവമായി കാണാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇവരെ ഉദ്ദേശിച്ച്‌ വിവിധ പദ്ധതികള്‍ എല്ലാ രാജ്യത്തും ആവിഷ്‌കരിക്കപ്പെട്ടു. അവയിലധികവും സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ളവയാണ്. എന്നിരുന്നാലും പെണ്‍കുട്ടികള്‍ മാത്രം നേരിടുന്ന പ്രശ്നങ്ങള്‍ അര്‍ഹമായ ഗൗരവത്തോടെ പരിഗണിക്കപ്പെടാറില്ല. 2011 ഡിസംബര്‍ 19-ന് ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തു ചേര്‍ന്ന സമ്മേളനത്തിലാണ് പെണ്‍കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.

പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനയാണ്. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബര്‍ 11-ന് ആദ്യത്തെ ബാലികാദിനം ആചരിച്ചു. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ല്‍ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെണ്‍കുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവില്‍ വന്നത്.

Deputy mayor rakhi ravi kumar note about international day of the girl child

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES