ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലുടെ പടവലം കുട്ടന്‍പിള്ള ആയി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടന്‍ കെപിഎസി രാജേന്ദ്രന് വിടവാങ്ങി. കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 75 വയസായിരുന്നു. ഇന്നലെ മുതല്‍ നടന്റെ മരണം സംബന്ധിച്ച കുറിപ്പുകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത പരന്നതോടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കൃത്യമല്ലെന്നും രാജേന്ദ്രന്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണെന്നും അടുത്ത വൃത്തങ്ങളും അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ നടന്‍ മരണത്തിന് കീഴടങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഒരുപാട് നാളുകളായി പല അസുഖങ്ങളുടെ പിടിയിലാണെങ്കിലും ഒരുവിധത്തില്‍ എല്ലാത്തിനെയും അതിജീവിച്ചു മുന്നോട്ടു പോകുന്നതിനിടെയായിരുന്നു വീണ്ടും ആശുപത്രിയിലയത്. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട് മരണത്തോട് മല്ലിടുന്നതിനിടെയാണ് മരണം എത്തിയത്.
അന്‍പത് വര്‍ഷമായി നാടകരംഗത്ത് തുടര്‍ന്ന രാജേന്ദ്രന്‍ ഉപ്പും മുളക് സീരിയലിലേക്ക് എത്തിയതോടെയാണ് ശ്രദ്ധേയനായത്. കെ പി എ സി, സൂര്യ സോമ, ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്ട്സ് ക്ലബ്ബ് തുടങ്ങിയ പ്രശസ്ത നാടക സമിതികള്‍ ഉള്‍പ്പെടെ പല സമിതികളില്‍ പ്രവര്‍ത്തിച്ചിരുന്നു. വിവിധ തലമുറകളില്‍പ്പെട്ട വിഖ്യാത നാടക പ്രതിഭകളായ തോപ്പില്‍ ഭാസി, പി ജെ ആന്റണി, എസ് എല്‍ പുരം സദാനന്ദന്‍, കെ ടി മുഹമ്മദ്, ഓ മാധവന്‍, തിലകന്‍, കെ എം ധര്‍മ്മന്‍, നെല്‍സന്‍ ഫെര്‍ണാണ്ടസ്, എന്‍ ബി ത്രിവിക്രമന്‍ പിള്ള, പ്രമോദ് പയ്യന്നൂര്‍, രാജീവന്‍ മമ്മിളി, മനോജ് നാരായണന്‍ തുടങ്ങിയവരുടെയെല്ലാം സംവിധാനത്തിന്‍ കീഴില്‍ അഭിനയിച്ചിട്ടുള്ള ഏക നടനായിരുന്നു.
ഉപ്പും മുളക് സീരിയലിലെ പടവലം കുട്ടന്‍ പിള്ള എന്ന കഥാപാത്രം ഇന്ന് ചെറിയ കുട്ടികളുടെ മനസ്സില്‍ പോലും രജിസ്റ്റര്‍ ആയ മുഖമാണ്. ഉപ്പും മുളകില്‍ നിഷ അവതരിപ്പിച്ച നീലുവിന്റെ പിതാവായിട്ടാണ് രാജേന്ദ്രന്‍ എത്തുന്നത്. വര്‍ഷങ്ങള്‍ ആയി സ്വീകരണ മുറിയില്‍ നിറഞ്ഞുനിന്ന കുട്ടന്പിള്ള എന്ന രാജേന്ദ്രന്‍ ഓര്‍മ്മ ആകുമ്പോള്‍ ഇനിയാര് എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. കുട്ടിക്കുറുമ്പന്‍ എന്ന സീരിയലിലും മകിച്ച വേഷം ചെയ്തു. സീരിയലുകള്‍ക്ക് പുറമെ മിന്നാമിനുങ്ങ്, ഇന്നുമുതല്‍ എന്നീ സിനിമകളിലും തിളങ്ങി.
ഇടുക്കി സ്വദേശിയായ രാജേന്ദ്രന്‍ 1971 ല്‍ ഇരുപതാമത്തെ വയസ്സില്‍ കോട്ടയം തിങ്കള്‍ തീയേറ്റേഴ്സിന്റെ തങ്കഭസ്മം എന്ന നാടകത്തില്‍ ഒരു ഗായകനായി അഭിനയിച്ചുകൊണ്ടാണ് അരങ്ങത്തേക്ക് കടന്നുവന്നത്.തുടര്‍ന്ന്
നെല്‍സണ്‍ ഫെര്‍ണാണ്ടസ് എഴുതി സംവിധാനം ചെയ്ത് ചങ്ങനാശ്ശേരി നളന്ദ തീയേറ്റേഴ്‌സ് അവതരിപ്പിച്ച നക്ഷത്ര ബംഗ്ലാവ്,സൂര്യസോമ അവതരിപ്പിച്ച എസ് എല്‍ പുരത്തിന്റെ യുദ്ധം( ഗായകന്‍) കാലവര്‍ഷം (ഹിപ്പി) എന്നീ നാടകങ്ങളില്‍ വേഷമിട്ടു.അടൂര്‍ ജയാതീയേറ്റേഴ്സ്. കെജി സേതുനാഥ് എഴുതിയ പാംസുല,ചേരി വിശ്വനാഥപിള്ളയുടെ പരിത്രാണായ എന്നീ നാടകങ്ങളില്‍ അഭിനയിച്ചു.
1983 ല്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത 'സൂക്ഷിക്കുക ഇടതുവശം പോകുക. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി യിലെ പരമുപിള്ളയൊയും ഒക്കെ അരങ്ങത്ത് ഉജ്ജ്വലമാക്കിയ നടനാണ് രാജേന്ദ്രന്‍. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി മലയാളം അരങ്ങത്ത് നിറഞ്ഞു നില്‍ക്കുന്ന നടന്‍ കൂടിയാണിദ്ദേഹം. മലയാള നാടക വേദിയിലെ ഐതിഹാസിക കഥാപാത്രമായ പരമുപിള്ള യുടെ വേഷത്തില്‍ 1995 ല്‍ ആദ്യമായി അരങ്ങത്തെത്തിയ രാജേന്ദ്രന്‍ മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷവും നിരവധി വേദികളില്‍ ആ വേഷം അവതരിപ്പിച്ചു കൊണ്ട് റിക്കാര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്.
1978 ല്‍ പിജെ ആന്റണിയുടെ സംവിധാനത്തിന്‍ കീഴില്‍ രശ്മി തീയേറ്റേഴ്‌സിന്റെ കാള രാത്രി, രാമരാജ്യം എന്നീ നാടകങ്ങളില്‍ അഭിനയിച്ച രാജേന്ദ്രന്‍ രാജന്‍ കേസിനെ ആസ്പദമാക്കി ആന്റണി രചിച്ച കാളരാത്രിയില്‍ രാജന്റെ വേഷത്തിലാണ് വന്നത്.
1980 ല്‍ ചങ്ങനാശേരി ഗീഥാ ആര്‍ട്ട്‌സ് ക്ലബിന്റെ വീഥിയില്‍ അഭിനയിച്ചു.വര്‍ഗീസ് പോള്‍ എഴുതിയ നാടകം കെ എം ധര്‍മ്മനാണ് സംവിധാനം ചെയ്തത്.അടുത്ത രണ്ടുവര്‍ഷങ്ങളില്‍ ആലപ്പുഴ നാടക സംഘത്തിന്റെ സാലഭഞ്ജിക ( സംവിധാനം: എന്‍ ബി ത്രിവിക്രമന്‍ പിളള), പൂഞ്ഞാര്‍ നവധാരയുടെ വെളിച്ചം, ഏറ്റുമാനൂര്‍ സുരഭിയുടെ നാടകം എന്നിവയില്‍ അഭിനയിച്ചു.
1983 ല്‍ കെപിഎസി യില്‍ ചേര്‍ന്നു.തോപ്പില്‍ ഭാസി എഴുതി സംവിധാനം ചെയ്ത 'സൂക്ഷിക്കുക ഇടതുവശം പോകുക' എന്ന നാടകത്തിലെ നായക കഥാപാത്രമായ തൊഴിലാളിയുടെ വേഷം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഭാസിയുടെ മൂലധനം,രജനിപി എസ് കുമാറിന്റെ വിഷസര്‍പ്പത്തിന് വിളക്കു വയ്ക്കരുത്,മുക്കുവനും ഭൂതവും,എന്‍ കൃഷ്ണപിള്ളയുടെ ഭഗ്‌നഭവനം,
കെടി മുഹമ്മദ് എഴുതി സംവിധാനം ചെയ്ത സൂത്രധാരന്‍, ജീവപര്യന്തം, പെന്‍ഡുലം, നാല്‍ക്കവല , വെള്ളപ്പൊക്കം/പ്രളയം
പ്രൊഫ. ഹാരി എഴുതി ഒ മാധവന്‍ സംവിധാനം ചെയ്ത താളതരംഗം.....
സര്‍വേക്കല്ലിലെ മാതുമൂപ്പില്‍,തുലാഭാരത്തിലെ മേനോന്‍, മുടിയനായ പുത്രനിലെ ഗോപാലപിള്ള, അശ്വമേധത്തിലെ കേശവസ്വാമി എന്നിവരെയും അവതരിപ്പിച്ചു.
കെ ഭാസ്‌ക്കരന്‍ എഴുതി വിജയന്‍ ജി നായര്‍ സംവിധാനം ചെയ്ത അധിനിവേശം ,ഫ്രാന്‍സിസ് ടി മാവേലിക്കര എഴുതി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ദ്രാവിഡ നൃത്തം,സുരേഷ് ബാബു ശ്രിസ്ഥ എഴുതി മനോജ് നാരായണന്‍ സംവിധാനം ചെയ്ത നീലക്കുയില്‍ എന്നിവയാണ് രാജേന്ദ്രന്‍ വേഷമിട്ട മറ്റു കെപിഎസി നാടകങ്ങള്‍.
ചങ്ങനാശ്ശേരി അണിയറ യുടെ അണ്ണാറക്കണ്ണനും തന്നാലായത്,സപര്യയുടെ സ്വപ്നങ്ങള്‍ സാക്ഷി ( രചന: ഹേമന്ത് കുമാര്‍, സംവിധാനം: രാജീവന്‍ മമ്മിളി)എന്നീ നാടകങ്ങളിലും അഭിനയിച്ചു.
വിവിധ നാടകങ്ങളില്‍ തോപ്പില്‍ ഭാസിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച രാജേന്ദ്രനാണ് കെപിഎസിയുടെ പഴയ നാടകങ്ങളില്‍ അഭിനയിക്കാനെത്തുന്നവരെ പരിശീലിപ്പിക്കുന്നതും ആ നാടകങ്ങളുടെ സംവിധാനം നിര്‍വഹിക്കുന്നതും.ദീര്‍ഘകാലം കെപിഎസിയുടെ കണ്‍വീനറുടെ ചുമതലയും കൈകാര്യം ചെയ്തു.