കൊല്ലൂര്‍ മൂകാംബിക സൗപര്‍ണിക നദിയില്‍ ഒരു യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത് ഞെട്ടലോടെയാണ് അവിടുത്തെ ആളുകള്‍ കേട്ടത്. സൗപര്‍ണിക നദിയില്‍ പെട്ടെ് ആരും തന്നെ ഇതുവരെ മരിച്ച സംഭവം ഇതുവരെ കേട്ടിട്ടില്ല. സൗപര്‍ണിക നദിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം പ്രദേശത്തെ എല്ലാവരെയും നടുക്കിയിരിക്കുകയാണ്. സാധാരണയായി തീര്‍ത്ഥാടകര്‍ ശാന്തമായി കുളിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്ന നദിയിലാണ് ഇത്തരം ദുരന്തം നടന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫറായ വസുധയാണ് സൗപര്‍ണിക നദിയല്‍ വീണ് മരിച്ചത്.
ബെംഗളൂരു ത്യാഗരാജനഗര്‍ സ്വദേശിനിയായ 23-കാരി വസുധ ഓഗസ്റ്റ് 27-നാണ് സ്വകാര്യ കാറില്‍ കൊല്ലൂരിലെത്തിയത്. ക്ഷേത്രദര്‍ശനത്തിനായി ഒറ്റയ്ക്കാണ് അവള്‍ യാത്രതിരിച്ചത്. ക്ഷേത്രപരിസരത്തുള്ള ഗസ്റ്റ് ഹൗസില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം, സാധാരണ പോലെ പുറത്തേക്ക് നടന്ന് പോകുന്നതാണ് അവസാനമായി കണ്ടത്. പിന്നീട് വസുധ തിരികെ എത്തിയില്ല. കുടുംബാംഗങ്ങള്‍ പല തവണയും ഫോണ്‍ വഴി വസുധയെ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ആശങ്കയിലായ പിതാവ് വിമല, അടുത്ത ദിവസം കൊല്ലൂരിലെത്തി. അവിടെ എത്തിയ അദ്ദേഹം ക്ഷേത്ര ജീവനക്കാരോട് മകളുടെ വിവരം അന്വേഷിച്ചു. ജീവനക്കാര്‍ വസുധ അസ്വസ്ഥയായിരുന്നുവെന്നും, കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം ക്ഷേത്രത്തിനടുത്തേക്ക് നടന്നുപോയതാണെന്നും അറിയിച്ചു.
ക്ഷേത്രപരിസരത്തും സമീപ പ്രദേശങ്ങളിലുമായി നടത്തിയ മണിക്കൂറുകളോളം നീണ്ട തിരച്ചിലിലും വസുധയെ കണ്ടെത്താനായില്ല. ഓരോ കോണിലും തെരഞ്ഞെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ഇതിനിടെ, ചില പ്രാദേശികര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വസുധ സൗപര്‍ണിക നദിയിലേക്ക് പോയിരിക്കാമെന്ന് പൊലീസ് സംശയിച്ചു. സംശയം ശക്തമായതോടെ പൊലീസ്, അഗ്‌നിരക്ഷാസേന, പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. സൗപര്‍ണികയുടെ തീരങ്ങളിലും പാലങ്ങള്‍ക്കടിയിലും മണല്‍ത്തിട്ടകളിലും എല്ലാവരും തിരഞ്ഞു. ബൈന്ദൂര്‍ അഗ്‌നിരക്ഷാസേനയും, നീന്തല്‍ വിദഗ്ദ്ധനായ ഈശ്വര്‍ മാല്‍പെയും സംഘവും എത്തിയതോടെ തിരച്ചില്‍ കൂടുതല്‍ ശക്തമാക്കി. ഒടുവില്‍, മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍, ക്ഷേത്രത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള നദീതടത്തിലാണ് വസുധയുടെ മൃതദേഹം കണ്ടത്തെിയത്.
കോര്‍പ്പറേറ്റ് ജോലി അവസാനിപ്പിച്ച് തന്റെ സ്വപ്‌നത്തിലേക്ക് എത്തിയ ആളാണ് വസുധ. ബെംഗളൂരുവിലെ തിരക്കുകളും സമ്മര്‍ദ്ദങ്ങളും വിട്ടൊഴിഞ്ഞ്, ഫോട്ടോഗ്രഫി പഠിച്ചു, തന്റെ ക്യാമറയിലൂടെ ലോകത്തെ കാണാന്‍ തുടങ്ങി. പ്രകൃതിയോടുള്ള അതിയായ സ്‌നേഹം കാരണം, അവള്‍ തന്റെ ജീവിതം കാട്ടിലേക്കു മാറ്റി. തമിഴ്നാട്ടിലെ നീലഗിരിയിലെ കല്ലട്ടിക്കിണ് പ്രദേശത്തെ വനത്തിനുള്ളിലാണ് വസുധ താമസിച്ച് വന്നിരുന്നത്. വസുധ ഒരു ധൈര്യമുള്ള യുവതിയായിരുന്നു. കിക്ക്ബോക്‌സിംഗ്, കരാട്ടെ പോലുള്ള കലാരൂപങ്ങളിലും അവള്‍ പരിശീലനം നേടിയിരുന്നു. സ്വയം നിലകൊള്ളാനും സ്വന്തം തീരുമാനങ്ങള്‍ എടുക്കാനും പഠിച്ച ഒരാളായിരുന്നു അവള്‍. സോഷ്യല്‍ മീഡിയയില്‍ അവളുടെ വനജീവിതം, ക്യാമറയില്‍ പകര്‍ത്തിയ മനോഹരമായ ചിത്രങ്ങള്‍ ഏറെ പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രകൃതിയിലേക്കുള്ള അവളുടെ പ്രണയം പലര്‍ക്കും പ്രചോദനമായി.
എന്നാല്‍, ഈ സ്വപ്‌നങ്ങളുടെ ജീവിതം ഇങ്ങനെ ദാരുണമായി അവസാനിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മൃതദേഹം കണ്ടെത്തിയതിന് ശേഷം, നാട്ടിലേക്ക് കൊണ്ടുപോയി. കുടുംബവും സുഹൃത്തുക്കളും കണ്ണീരോടെ അവളെ യാത്രയാക്കി. വസുധയെ അറിയുന്ന എല്ലാവരും അവളുടെ ചിരിയും ആത്മവിശ്വാസവും ഓര്‍ത്തു കണ്ണുനീര്‍ പൊഴിക്കുകയായിരുന്നു.