ജി അരവിന്ദന്റെ സ്ഥിരം ക്യാമറാമാന്‍; വാനപ്രസ്ഥത്തിലൂടെ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നേടി കൊടുത്തു; ദേശീയ, രാജ്യാന്തര തലത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തി; നവതരംഗ സിനിമയ്ക്ക് ഊര്‍ജ്ജം നല്‍കിയ ഒരുപിടി കലാമൂല്യമുളള സിനിമകള്‍ സമ്മാനിച്ച ഷാജി എന്‍ കരുണ്‍ വിടവാങ്ങി; അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍

Malayalilife
ജി അരവിന്ദന്റെ സ്ഥിരം ക്യാമറാമാന്‍; വാനപ്രസ്ഥത്തിലൂടെ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നേടി കൊടുത്തു; ദേശീയ, രാജ്യാന്തര തലത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തി; നവതരംഗ സിനിമയ്ക്ക് ഊര്‍ജ്ജം നല്‍കിയ ഒരുപിടി കലാമൂല്യമുളള സിനിമകള്‍ സമ്മാനിച്ച ഷാജി എന്‍ കരുണ്‍ വിടവാങ്ങി; അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍

പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. വൈകുന്നേരം അഞ്ച് മണിയോടെ വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി' യിലായിരുന്നു അന്ത്യം. 73 വയസായിരുന്നു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നാണ് വിവരം. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍ നടക്കും.

കഴിഞ്ഞവര്‍ഷം ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടിയിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റാണ്. ഭാര്യ: അനസൂയ വാര്യര്‍. മക്കള്‍: അപ്പു കരുണ്‍, കരുണ്‍ അനില്‍. 40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരന്‍ ജി അരവിന്ദന്റെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നു നല്‍കി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു.

ആദ്യചിത്രമായ പിറവിക്ക് കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവല്ലില്‍ ഗോള്‍ഡെന്‍ ക്യാമറ പ്രത്യേക പരാമര്‍ശമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമെന്ന സവിശേഷത കൂടിയുണ്ട്. കൊല്ലം ജില്ലയിലെ കണ്ടച്ചിറയില്‍ എന്‍ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാജി എന്‍ കരുണ്‍ ജനിച്ചത്. പള്ളിക്കര സ്‌കൂള്‍, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1971 ല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി. സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോള്‍ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി അരവിന്ദനെ കണ്ടുമുട്ടിയത് ജീവിതത്തില്‍ വഴിത്തിരിവായി. അരവിന്ദന്റെ കീഴില്‍ ഛായാഗ്രാഹകനായി നിരവധി സിനിമകള്‍ ചെയ്തു. കൂടാതെ പ്രശസ്ത സംവിധായകരായ കെ ജി ജോര്‍ജ്, എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്കൊപ്പവും ഷാജി എന്‍ കരുണ്‍ പ്രവര്‍ത്തിച്ചു എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ അദ്ദേഹം നേടിത്തന്നു.

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്', പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

shaji n karun passes away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES