താരസംഘടനയായ 'അമ്മ'യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടയില്‍ സംഘടന നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ പുറത്തുപറയപ്പെടുന്നില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. നിരവധി അംഗങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുകയും പെന്‍ഷന്‍, ചികിത്സാ സഹായം, മരുന്ന് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ 'അമ്മ' തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
''അമ്മ'യുടെ സഹായത്തോടെ മരുന്നുകള്‍ എന്റെ വീട്ടിലും എത്തുന്നുണ്ട്. രോഗികള്‍ക്കും സഹായം നല്‍കുന്നു. നിരവധി അംഗങ്ങള്‍ക്ക് വീടുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഘടനയുടെ ഇത്തരം നല്ല പ്രവൃത്തികള്‍ ആരും പറയുന്നില്ല. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുമ്പോഴാണ് എല്ലാവരും കൂടി അത് വലിയ വിവാദമാക്കുന്നത്' ധര്‍മജന്‍ പറഞ്ഞു.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും, 'അമ്മ'യെ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന നേതാക്കളെയാണ് തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഇന്നസെന്റ് ചെയര്‍മാനായിരുന്നപ്പോഴും, ലാലേട്ടന്‍ അധ്യക്ഷനായിരുന്നപ്പോഴും സംഘടന ഭംഗിയായി പ്രവര്‍ത്തിച്ചു. ഇനി പുതിയ നേതൃത്വം വന്നാലും അതേ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം' അദ്ദേഹം പറഞ്ഞു.
വനിതാ നേതൃത്വം വരുന്നത് നല്ല കാര്യമായിരിക്കുമെന്ന് ധര്‍മജന്‍ അഭിപ്രായപ്പെട്ടു. ''അമ്മയില്‍ വനിതകള്‍ ഇല്ല, അവരെ ഉള്‍പ്പെടുത്തുന്നില്ല' എന്നായിരുന്നു പരാതി. ഇപ്പോള്‍ വനിതാ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണ്. പ്രസിഡന്റ് ആകട്ടെ, ജനറല്‍ സെക്രട്ടറി ആകട്ടെ, വനിതകള്‍ നേതൃത്വം ഏറ്റെടുക്കുന്നത് നല്ലതാണ്. സംഘടനയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കുന്നതാണ് നല്ലത്. ഗ്രൂപ്പുകള്‍ ഉണ്ടാക്കി വേര്‍തിരിവ് സൃഷ്ടിക്കുന്നതില്‍ യാതൊരു പ്രയോജനവുമില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെക്കുറിച്ചും ധര്‍മജന്‍ പ്രതികരിച്ചു. 'ശ്വേത നല്ല അഭിനേത്രിയും നല്ല വ്യക്തിയുമാണ്. ഒരു കഥാപാത്രത്തിനായി അഭിനയിച്ച രീതിയെ തെറ്റായി ചിത്രീകരിക്കേണ്ട. കഥ ആവശ്യപ്പെടുന്നുവെന്നതിനാല്‍ മാത്രമാണ് അവര്‍ അങ്ങനെ അഭിനയിച്ചത്. അതിനെ അടിസ്ഥാനമാക്കി ശ്വേതയെ തെറ്റിദ്ധരിക്കുന്നത് ശരിയല്ല' ധര്‍മജന്‍ വ്യക്തമാക്കി.