സംവിധായകന്‍ വിനയന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. കലാഭവന്‍ മണിയുടെ കരിയറിലെ തന്നെ എണ്ണം പറഞ്ഞ റോളുകളില്‍ ഒന്നായിരുന്നു ഇതിനെ അന്ധനായ ഗായകന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ ബജറ്റും കളക്ഷനും സംബന്ധിച്ച് രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വിനയന്‍. സോഷ്യല്‍ മീഡിയയിലാണ് വിനയന്‍ ഈ കുറിപ്പ് പ്രസിദ്ധീകരിച്ചത്.
സിനിമയുടെ ബജറ്റ് 40 ലക്ഷം രൂപയാണെന്നും നിര്‍മാതാവിന്റെ ഷെയര്‍ മാത്രമായി മൂന്നു കോടി എണ്‍പത് ലക്ഷം രൂപ ലഭിച്ചിരുന്നുവെന്നും വിനയന്‍ വ്യക്തമാക്കി. മുടക്കുമുതലിന്റെ പത്തിരട്ടി കളക്ഷന്‍ ലഭിച്ച ചിത്രം വേറെയില്ല എന്ന നിര്‍മാതാവ് മഹാ സുബൈറിന്റെ വാദം ശരിയാണങ്കില്‍ ആ റെക്കോര്‍ഡ് കലാഭവന്‍ മണിക്കായി സമര്‍പ്പിക്കുന്നുവെന്നും വിനയന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
വിനയന്റെ വാക്കുകള്‍:
നിര്‍മാതാവ് മഹാസുബൈറിന്റേതായി വന്ന ഈ വാര്‍ത്ത കണ്ടപ്പോള്‍ സന്തോഷം തോന്നി. മുടക്കു മുതലിന്റെ പത്തിരട്ടി നേടി എന്ന നിലയില്‍ ഞാന്‍ ആ സിനിമയുടെ കളക്ഷനെ പറ്റി ചിന്തിച്ചിരുന്നില്ല. അന്ന് നാല്‍പ്പത് ലക്ഷത്തോളം രൂപ ചെലവായ ചിത്രമായിരുന്നു 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'. ഇന്നത്തെ നിലയില്‍ നാലു കോടിയില്‍പരം രൂപ.
മൂന്നു കോടി എണ്‍പതു ലക്ഷം രൂപ അന്ന് കളക്ഷന്‍ നേടി (നിര്‍മാതാവിന്റെ മാത്രം ഷെയറാണ്. തിയേറ്റര്‍ വിഹിതവും വിനോദ നികുതിയും ഉള്‍പ്പടെ ഇന്നു പറയുന്ന മൊത്തം കളക്ഷന്‍ കിട്ടാന്‍ അതിന്റെ രണ്ട് ഇരട്ടി കൂടി കൂട്ടണം) ഇത് ഒരു വലിയ വിജയം തന്നെ ആയിരുന്നു. മുടക്കു മുതലിന്റെ പത്തിരട്ടി കളക്ഷന്‍ നേടിയ ചിത്രം വേറെ ഇല്ല എന്ന സുബൈറിന്റെ വാദം ശരിയാണങ്കില്‍ ആ റെക്കോര്‍ഡ് അന്തരിച്ച മഹാനായ കലാകാരന്‍ കലാഭവന്‍ മണിക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.
1999ല്‍ കാക്കനാട്ടുള്ള ഹില്‍വ്യൂ ഹോട്ടലില്‍ വച്ച് ആദ്യമായി എനിക്ക് അഡ്വാന്‍സ് തന്നത് സുബൈര്‍ ആയിരുന്നു. അതിന് ശേഷമാണ് വിന്ധ്യനും, സര്‍ഗം കബീറും, ലത്തീഫിക്കയുമൊക്കെ ആ സിനിമയുടെ നിര്‍മാണച്ചുമതലയിലേക്ക് വന്നത്. കലാഭവന്‍ മണിയെ ആദ്യമായി നായകനാക്കിയ ആ ചിത്രത്തെ ഒരു പരീക്ഷണ ചിത്രമായിട്ടാണ് അന്ന് എല്ലാവരും കണ്ടത്.
ആകാശ ഗംഗയും, കല്യാണ സൗഗന്ധികവും, ഇന്‍ഡിപ്പെന്‍ഡന്‍സും പോലുള്ള എന്റെ കൊച്ചു സിനിമകള്‍ വലിയ വിജയം നേടിയിരുന്ന ആ സമയത്ത് ഇങ്ങനെ ഒരു പരീക്ഷണ ചിത്രത്തിനു പോണോ എന്ന് പലരും ചോദിച്ചിരുന്നു. പക്ഷേ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആദ്യ ദിവസങ്ങളില്‍ പ്രേക്ഷകര്‍ കുറവായിരുന്ന ആ സിനിമ പിന്നീട് നൂറു ദിവസത്തിലധികം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സുകള്‍ തീര്‍ത്തു. അതുവരെ കോമഡി മാത്രം ചെയ്തിരുന്ന കലാഭവന്‍ മണി അഭിനയ കലയുടെ കൊടുമുടിയിലെത്തി ദേശീയ അവാര്‍ഡ് ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട് ബോധം കെട്ടു വീണ കഥയൊക്കെ സിനിമാ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയില്ലല്ലോ?
'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' മുതല്‍ ഇപ്പോള്‍ തിയറ്ററുകളെ ഉത്സവപ്പറമ്പാക്കി നിറഞ്ഞോടുന്ന 'തുടരും' വരെയുള്ള സിനിമകള്‍ നോക്കുമ്പോള്‍ ശതകോടികള്‍ മുടക്കുമുതലുള്ള സിനിമകളേക്കാളും കാമ്പുള്ള കഥ പറയുന്ന സിനിമകളെ മലയാളി ഇഷ്ടപ്പെടുന്നു എന്ന കാര്യം നമുക്കു മനസ്സിലാകും.. ന്യൂ ജനറേഷന്റെ ആസ്വാദന നിലവാരത്തിനൊത്ത സിനിമകളുടെ ഇന്നത്തെ തിരക്കിനിടയിലും മനസ്സില്‍ തട്ടുന്ന കഥകളുള്ള സിനിമകളുടെ ഇടം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ല.
ജീവിത പ്പോരാട്ടങ്ങളുടെ വ്യഥയും.. ഏതു ദുഃഖത്തിലും സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കപെടുന്നവന്റെ സന്തോഷക്കണ്ണീരും. ആത്മാര്‍ഥതയുടെ അന്തസത്തതയുമൊന്നും എത്ര തലമുറമാറ്റമുണ്ടായാലും മാറുന്നതല്ലല്ലോ ?