വാട്‌സ്ആപ്പിലെയും ആപ്പിള്‍ ഉപകരണങ്ങളിലെയും സുരക്ഷാ പോരായ്മകള്‍ വിനിയോഗിച്ച അതീവ അപകടകരമായ സൈബര്‍ ചാരവൃത്തി ശ്രമം കണ്ടെത്തി. ലോകമെമ്പാടുമുള്ള 200-ല്‍ താഴെ പേരെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് വാട്‌സ്ആപ്പ് സ്ഥിരീകരിച്ചു. പ്രധാനമായും ഐഫോണ്‍യും മാക് ഉപഭോക്താക്കളുമാണ് ലക്ഷ്യം വച്ചത്.
റോയിറ്റേഴ്‌സിന് നല്‍കിയ പ്രതികരണത്തില്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിലെ ഗവേഷകര്‍ വ്യക്തമാക്കി, ആക്രമണത്തിന്റെ ഇരകളില്‍ നിന്നും ഫോറന്‍സിക് ഡാറ്റ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളും മറ്റു ചില ആപ്പുകളും ആക്രമണത്തിന്റെ ഭാഗമായി ബാധിക്കപ്പെട്ടിട്ടുണ്ടാകാമെന്നു കൂടി ആംനെസ്റ്റി സെക്യൂരിറ്റി ലാബ് വ്യക്തമാക്കി.
മെറ്റയുടെ പ്രതികരണപ്രകാരം, ആപ്പിള്‍ ഉപകരണങ്ങളിലെ സുരക്ഷാ പിഴവുകളാണ് ഹാക്കര്‍മാര്‍ മുതലെടുത്തത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും വാട്‌സ്ആപ്പ് അറിയിച്ചു.
സൈബര്‍ ചാരവൃത്തി എന്താണ്?
ഓണ്‍ലൈന്‍ നെറ്റ്വര്‍ക്കുകള്‍, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയില്‍ നിന്നുള്ള രഹസ്യ വിവരങ്ങള്‍ അനധികൃതമായി കൈപ്പിടിയിലാക്കുന്ന രീതിയെയാണ് സൈബര്‍ ചാരവൃത്തി എന്ന് വിളിക്കുന്നത്. ട്രോജന്‍ ഹോഴ്‌സ്, സ്‌പൈവെയര്‍, ഫിഷിംഗ്, മറ്റു മാല്‍വെയറുകള്‍ എന്നിവയാണ് ഇത്തരം ആക്രമണങ്ങളില്‍ കൂടുതലായും ഉപയോഗിക്കുന്നത്. വ്യക്തികള്‍, കമ്പനികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, സൈനിക സംവിധാനങ്ങള്‍ എന്നിവയിലെ വിവരങ്ങള്‍ ലക്ഷ്യമാക്കി ഹാക്കര്‍ സംഘങ്ങള്‍ ഇത്തരം ശ്രമങ്ങള്‍ നടത്താറുണ്ട്.
വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്: സുരക്ഷാ അപ്‌ഡേറ്റുകള്‍ സമയത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക, സംശയാസ്പദമായ ലിങ്കുകള്‍ തുറക്കാതിരിക്കുക, ഇരട്ടത്തവണ ഓതന്റിക്കേഷന്‍ (2എഅ) സജീവമാക്കുക എന്നിവയാണ് ഇത്തരം ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മികച്ച മാര്‍ഗങ്ങള്‍.