Latest News

വീണ്ടും കോപ്പിറൈറ്റ് കേസുമായി ഇളയരാജ; ഇത്തവണ മിസിസ് ആന്‍ഡ് മിസ്റ്റര്‍ ചിത്രത്തിനെതിരെ; അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചു, വികൃതമാക്കിയെന്ന് ആരോപിച്ച് ഇളയരാജ 

Malayalilife
 വീണ്ടും കോപ്പിറൈറ്റ് കേസുമായി ഇളയരാജ; ഇത്തവണ മിസിസ് ആന്‍ഡ് മിസ്റ്റര്‍ ചിത്രത്തിനെതിരെ; അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചു, വികൃതമാക്കിയെന്ന് ആരോപിച്ച് ഇളയരാജ 

 മിസിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന ചിത്രത്തില്‍ അനുമതിയില്ലാതെ ഉപയോഗിച്ച തന്റെ ഗാനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. നടി വനിത വിജയകുമാര്‍ അഭിനയിച്ച മിസിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന ചിത്രം ഇന്നലെയാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

കമലഹാസനും ഉര്‍വശിയും ചേര്‍ന്ന് അഭിനയിച്ച് 1990-ല്‍ പുറത്തിറങ്ങിയ 'മൈക്കല്‍ മദന കാമരാജന്‍' എന്ന ചിത്രത്തിലെ 'രാതിരി ശിവ രാതിരി' എന്ന ഗാനമാണ് മിസിസ് ആന്‍ഡ് മിസ്റ്റര്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇളയരാജയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സിനിമയില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയത് തന്റെ അനുമതിയില്ലാതെയാണെന്നും അതു നീക്കം ചെയ്യണമെന്നുമാണ് ഇളയരാജയുടെ ഹര്‍ജിയിലെ വാദം. പകര്‍പ്പവകാശ നിയമപ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമാണ് സിനിമയില്‍ ഗാനം ഉപയോഗിക്കേണ്ടതെന്ന് തന്റെ ഹര്‍ജിയില്‍ അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല അനുമതിയില്ലാതെ പാട്ടില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇത് പകര്‍പ്പവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഗാനം സിനിമയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇളയരാജയുടെ അഭിഭാഷകന്‍ എ. ശരവണന്‍ കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിക്ക് മുമ്പാകെ അപ്പീല്‍ നല്‍കി. ഇതിനുശേഷം ജഡ്ജി കേസ് തിങ്കളാഴ്ച്ച പരിഗണിക്കാന്‍ സമ്മതിച്ചു.

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളാണ് ഇളയരാജ. ഇസൈജ്ഞാനി എന്നറിയപ്പെടുന്ന അദ്ദേഹം വിവിധ ഭാഷകളിലായി 7,000-ത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. അദ്ദേഹം ഈണം പകര്‍ന്ന ഗാനങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണെങ്കിലും പകര്‍പ്പവകാശം സംബന്ധിച്ച ഇളയരാജയുടെ നടപടികളില്‍ പലര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

2019 മുതല്‍ പകര്‍പ്പവകാശം നേടാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നിരവധി സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും അദ്ദേഹം നോട്ടീസ് അയച്ചിട്ടുണ്ട്. തന്റെ ഗാനങ്ങള്‍ വേദിയില്‍ പാടരുതെന്ന് ആവശ്യപ്പെട്ട് അടുത്ത സുഹൃത്തുക്കളായ എസ്പിബിക്കും ചിത്രയ്ക്കും അദ്ദേഹം നിയമപരമായ നോട്ടീസുകള്‍ അയച്ചതും ചര്‍ച്ചയായി.

ഇളയരാജയുടെ ഈ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിനും ഗാനത്തിനുമേല്‍ സംഗീത സംവിധായകന് ഉള്ള അതേ അവകാശങ്ങള്‍ ഉണ്ടെന്നും അവര്‍ വാദിച്ചു. എന്നിരുന്നാലും സംഗീതം നല്‍കിയ തനിക്കാണ് സംഗീതത്തിന്റെ പൂര്‍ണ്ണ അവകാശം എന്നാണ് ഇളയരാജയുടെ വാദം.

ilaiyaraja moves to highcourt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES