ഒരു മെസ്സേജ് നോക്കാന്‍ കയ്യിലെടുത്ത ഫോണ്‍ ആണോ ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ മണിക്കൂറുകള്‍ ആയിരിക്കുന്നത്? മെസ്സേജില്‍ നിന്നും സോഷ്യല്‍ മീഡിയയിലേക്കും ഗെയിമിങ്ങിലേക്കും ഒക്കെ പതിയെ നിങ്ങളുടെ കൈവിരലുകള്‍ തെന്നി മാറിയത് അറിഞ്ഞില്ലേ? ഈ സാഹചര്യങ്ങളൊക്കെ പരിചിതമായി തോന്നുന്നുണ്ടോ? ഉണ്ടാകാം, കാരണം ഇന്നത്തെ ഹൈപ്പര്‍ കണക്ട് ലോകത്ത് സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ വ്യക്തിജീവിതത്തിന്റെയും പ്രൊഫഷണല്‍ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, സ്മാര്‍ട്ട് ഫോണുകളോടുള്ള നമ്മുടെ ആശ്രിതത്വം ആഴത്തിലാകുമ്പോള്‍ അതൊരു ആസക്തിയായി പരിണമിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
സ്മാര്‍ട്ട്‌ഫോണ്‍ ആസക്തിയെ ഡയഗ്‌നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്സില്‍ (DSM-V) ഔദ്യോഗികമായി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനെ ഗൗരവപൂര്‍വ്വം കാണേണ്ട ഒരു വിഷയമായി ഗവേഷകരും മാനസികാരോഗ്യ വിദഗ്ധരും അംഗീകരിച്ചിട്ടുണ്ട്. ലളിതമായ ഉപയോഗത്തെ അല്ല ആസക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് കൂടുതല്‍ ആഴത്തിലുള്ള ഒന്നാണ്. തുടര്‍ച്ചയായി ഉപയോഗിക്കണമെന്ന് നിയന്ത്രിക്കാനാവാത്ത ഒരു പ്രേരണയും നിര്‍ബന്ധവുമാണ് ആസക്തി. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ആസക്തിയിലേക്ക് വഴിമാറുമ്പോള്‍ അത് നമ്മുടെ ബന്ധങ്ങളിലും ആരോഗ്യത്തിലും ഉല്പാദനക്ഷമതയിലും മാനസിക ക്ഷേമത്തിലും ചെലുത്തുന്ന സ്വാധീനങ്ങള്‍ വളരെ വലുതാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ എല്ലാം നമ്മെ പിന്നോട്ട് വലിക്കുന്ന ഒരു കാന്തിക ശക്തിയായി ആയിരിക്കും സ്മാര്‍ട്ട്‌ഫോണ്‍ ആസക്തി പ്രവര്‍ത്തിക്കുക.
സൂക്ഷിക്കണം നോമോഫോബിയയെ
കുട്ടികളിലും മുതിര്‍ന്നവരിലും സ്മാര്‍ട്ട്‌ഫോണ്‍ ആസക്തി ഒരുപോലെ ഉണ്ടാകാം. നിങ്ങള്‍ സ്മാര്‍ട്ട് ഫോണിന് അടിമയായി തുടങ്ങി എന്നതിന്റെ ഒരു മുന്നറിയിപ്പ് സൂചനയാണ് നോമോഫോബിയ, അല്ലെങ്കില്‍ 'നോ-മൊബൈല്‍-ഫോണ്‍ ഫോബിയ' എന്ന പേരില്‍ അറിയപ്പെടുന്നത്. സ്മാര്‍ട്ട്ഫോണില്‍ നിന്ന് വേര്‍പിരിയുമ്പോള്‍ അനുഭവപ്പെടുന്ന ഒരു മാനസിക അസ്വസ്ഥതയോ ഉത്കണ്ഠയോ ആണ് ഇത്. ഫോണ്‍ ഇല്ലാതെ ഇരിക്കുക എന്ന ചിന്ത പോലും നിങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ടെങ്കില്‍, സൂക്ഷിക്കുക സ്മാര്‍ട്ട്‌ഫോണ്‍ അടിമയായി നിങ്ങളും മാറുന്നു എന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണ് അത്.
കുട്ടികളിലെ ആസക്തി തിരിച്ചറിയാനുള്ള വഴികള്‍
സമീപകാലത്തായി കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്‍ ഏറിയപങ്കും സ്മാര്‍ട്ട്‌ഫോണ്‍ ആസക്തിയിലൂടെ ഉണ്ടാകുന്നതാണ്. വളരെ ഗൗരവകരമായ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്. നിങ്ങളുടെ കുട്ടികളില്‍ ആസക്തിയുടെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക;
* മണിക്കൂറുകളോളം യാതൊരു മടുപ്പും കൂടാതെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് മുന്‍പില്‍ ചെലവഴിക്കുക
*ഹോബികള്‍, സ്പോര്‍ട്സ്, അല്ലെങ്കില്‍ അവര്‍ ആസ്വദിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യക്കുറവ് കാണിക്കുക,
*ഗൃഹപാഠം, വീട്ടുജോലികള്‍ അല്ലെങ്കില്‍ മറ്റ് പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കാതിരിക്കുക,
* ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്തപ്പോള്‍ പ്രകോപിതരാകുക, ഉത്കണ്ഠാകുലരാകുക അല്ലെങ്കില്‍ അസ്വസ്ഥരാകുക
*ഉറങ്ങുന്നതിനുമുമ്പ് ഫോണ്‍ ഉപയോഗം കാരണം ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
* ഫോണ്‍ ഉപയോഗത്തെക്കുറിച്ച് കുടുംബാംഗങ്ങളുമായി ഇടയ്ക്കിടെയുള്ള സംഘര്‍ഷങ്ങള്‍
* കണ്ണിന് ആയാസം, തലവേദന, കഴുത്ത് വേദന തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ അനുഭവപ്പെടുക
ശരീരവും മനസ്സും തകരാറിലാകും
സ്മാര്‍ട്ട്‌ഫോണ്‍ ആസക്തിയുള്ള ഒരു വ്യക്തിയുടെ മനസ്സും ശരീരവും ഒരേസമയം അപകടത്തില്‍ ആകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദൈര്‍ഘ്യമേറിയ സ്‌ക്രീന്‍ സമയം കണ്ണിന് ആയാസം ഉണ്ടാക്കുകയും വരണ്ട കണ്ണുകള്‍, മങ്ങിയ കാഴ്ച, തലവേദന എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ഏറെനേരം സ്മാര്‍ട്ട് ഫോണുകള്‍ക്കു മുമ്പില്‍ ചെലവഴിക്കുമ്പോള്‍ നമ്മുടെ ഡോപാമൈന്‍ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിക്കും. സാമൂഹികമായി ഒറ്റപ്പെടുകയും സോഷ്യല്‍ ആങ്‌സൈറ്റിലേക്ക് നയിക്കപ്പെടുകയും ചെയ്യും. മാത്രമല്ല, ഉത്കണ്ഠ, വിഷാദം, ഉറക്കകുറവ് എന്നിവയ്ക്ക് കാരണമാകും. തീര്‍ന്നില്ല, ശ്രദ്ധ, ഓര്‍മ്മശക്തി, തീരുമാനമെടുക്കല്‍ തുടങ്ങിയ നമ്മുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. സാധ്യതകളുടെ ഒരു വലിയ രോഗം സ്മാര്‍ട്ട് ഫോണുകള്‍ നമുക്ക് മുമ്പില്‍ തുറന്നിടുന്നുണ്ടെങ്കിലും സാമൂഹിക ബന്ധങ്ങളില്‍ നിന്നും അകറ്റി വെര്‍ച്വല്‍ ലോകത്തിലേക്ക് മാത്രമായി നാം ചുരുങ്ങി പോകാനുള്ള സാധ്യത കൂടുതലാണ്.
വ്യക്തമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക
സ്മാര്‍ട്ട്‌ഫോണ്‍ ആസക്തിയില്‍ നിന്നും രക്ഷ നേടാന്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട വ്യക്തമായ നിയന്ത്രണങ്ങള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
1. സമയ പരിധികള്‍ നിശ്ചയിക്കുക: ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രായവും ആവശ്യങ്ങളും അടിസ്ഥാനമാക്കി ന്യായമായ ദൈനംദിന സ്‌ക്രീന്‍ സമയ പരിധികള്‍ തീരുമാനിക്കുക. ഈ പരിധികള്‍ പാലിക്കുക.
2. ഫോണ്‍-ഫ്രീ സോണുകള്‍: ഭക്ഷണ സമയം, കിടപ്പുമുറി, കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുമ്പോള്‍ തുടങ്ങിയവ പോലെ നിങ്ങളുടെ വീട്ടില്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ നിശ്ചയിക്കുക.
3. 'അണ്‍പ്ലഗ്ഡ്' സമയം: മുതിര്‍ന്നവര്‍ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും അവരുടെ സ്മാര്‍ട്ട് ഫോണുകള്‍ ഓരോ ദിവസവും അല്ലെങ്കില്‍ ആഴ്ചയും നിശ്ചിത സമയത്തേക്ക് മാറ്റിവെക്കുക. ഇത് കുടുംബ ഇടപെടലിനെ പ്രോത്സാഹിപ്പിക്കും.
4. ഉറങ്ങുന്നതിന് മുമ്പ് ഫോണുകള്‍ പാടില്ല: മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിന് ഉറക്കസമയത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും 'ഫോണ്‍ വേണ്ട' എന്ന നിയമം നടപ്പിലാക്കുക. സ്‌ക്രീനുകളില്‍ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം മെലറ്റോണിന്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തും.
5. ചാര്‍ജിംഗ് സ്റ്റേഷന്‍: കഴിവതും കുട്ടികളുടെ കിടപ്പുമുറിക്ക് പുറത്ത് രാത്രിയില്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സ്ഥലം കണ്ടെത്തുക.
ബദല്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക:
കുട്ടികളിലെ മൊബൈല്‍ ആസക്തി ഫലപ്രദമായി നിയന്ത്രിക്കുന്നതിന്, സ്‌പോര്‍ട്‌സ്, സംഗീതം, വായന, പെയിന്റിംഗ് അല്ലെങ്കില്‍ ബോര്‍ഡ് ഗെയിമുകള്‍ പോലുള്ള ഓഫ്ലൈന്‍ ഹോബികളില്‍ ഏര്‍പ്പെടുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് നിര്‍ണായകമാണ്, അതോടൊപ്പം അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് അത്യാവശ്യമായ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളും ശാരീരിക വ്യായാമവും പ്രോത്സാഹിപ്പിക്കണം. കൂടാതെ, കളി ദിവസങ്ങള്‍, കുടുംബ വിനോദങ്ങള്‍, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മുഖാമുഖ സാമൂഹിക ഇടപെടലുകള്‍ സുഗമമാക്കുക. സ്‌ക്രീന്‍ രഹിത ഇടപെടലുകള്‍ക്കായി കുടുംബ സമയം ചെലവഴിക്കുക. ഈ മാര്‍ഗ്ഗങ്ങള്‍ പര്യാപ്തമല്ലെന്ന് തെളിഞ്ഞാല്‍, പെരുമാറ്റ പ്രശ്‌നങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള ഒരു ചൈല്‍ഡ് സൈക്കോളജിസ്റ്റില്‍ നിന്നോ തെറാപ്പിസ്റ്റില്‍ നിന്നോ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുന്നത് നല്ലതാണ്.
തയ്യാറാക്കിയത്: ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി ( പ്രയത്‌ന സ്ഥാപകന്‍,കൊച്ചി)