ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വര്‍ഷ ഇവാലിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലെ കാര്‍ത്തിക എന്ന കഥാപാത്രത്തെ ആണ് വര്‍ഷ നിലവില്‍ അഭിനയിക്കുന്നത്. കോഴിക്കോട് സ്വദേശിയയായ വര്‍ഷ ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.
വിവാഹിതയാണെന്നും ഒരു മകനുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടുന്ന ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് മനസ്സിലായിട്ടുണ്ട്. എന്നാല്‍ താരം 19 വയസ്സില്‍ വിവാഹിത ആയ ആളാണ് വര്‍ഷ എന്നത് ആരാധകരില്‍ പലര്‍ക്കും അറിയില്ല.ഇപ്പോഴിതാ പെണ്‍കുട്ടികള്‍ക്ക് കല്ല്യാണമാകരുത് ജീവിത ലക്ഷ്യമെന്ന് തുറന്നു പറയുകയാണ് വര്‍ഷ. 19-ാം വയസ്സില്‍ വിവാഹിതയായതിനെക്കുറിച്ചും പിന്നീട് വിവാഹമോചിതയായതിനെക്കുറിച്ചും വര്‍ഷ മനസ്സു തുറക്കുന്നുണ്ട്.
അതൊരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പഠിക്കുന്ന സമയത്ത് 19 വയസുള്ളപ്പോളായിരുന്നു കല്യാണം. ആളുടെ പേരോ കാര്യങ്ങളോ ഒന്നും വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ക്ക് അവരുടേതായ പ്രൈവസി ഉണ്ടല്ലോ. കല്യാണം കഴിഞ്ഞ് ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു. നമ്മള്‍ വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുകയാണല്ലോ എന്ന് പിന്നീട് എപ്പഴോ തോന്നിത്തുടങ്ങി. എന്റെ കുറേ മുസ്ലീം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരുടെയൊക്കെ വിവാഹം നേരത്തേ കഴിയും. കല്യാണം കഴിഞ്ഞാല്‍ നല്ല സുഖമായിരിക്കും, എപ്പോഴും യാത്രകളൊക്കെയായിരിക്കും എന്ന് അവര്‍ പറയുമായിരുന്നു. അതുകൊണ്ട് എനിക്കും കുഴപ്പമില്ലായിരുന്നു.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊരു വളരെ ചെറിയ പ്രായം ആയിരുന്നു. ഒരു വസ്ത്രം വാങ്ങാന്‍ പോലും ആളോട് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നപ്പോള്‍ മടുപ്പായി. ഞങ്ങള്‍ ഒരു ഏഴ് വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്നു. എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, അതാണ് എനിക്ക് പറയാനുള്ളത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടത് കല്യാണമോ കുറെ പൈസയോ അല്ല. അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം നല്‍കണം, സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിക്കണം.
ഞാന്‍ മഞ്ജു വാര്യരുടെ വലിയ ഫാനാണ് മഞ്ജു ചേച്ചിയുടെ അഭിനയം എനിക്ക് ഇഷ്ടമാണ്, അതുപോലെ തന്നെ ഇഷ്മാണ് ജീവിതത്തിലേക്കുള്ള ചേച്ചിയുടെ തിരിച്ചു വരവും...മോനിപ്പോള്‍ അഞ്ചു വയസായി. എന്നെ വലിയ സപ്പോര്‍ട്ട് ആണ് അവന്‍. വലിയ ടീവിയില്‍ എന്നെ കാണാന്‍ ആണ് ആഗ്രഹം എന്ന് അവന്‍ പറയും. ഞാന്‍ ഇല്ലാത്തപ്പോള്‍ അച്ഛനും അമ്മയും ആണ് അവനെ നോക്കുന്നത്. അമ്മയെന്ന നിലയില്‍ ഞാന്‍ ഭയങ്കര പ്രൗഡ് ആണ്...'' വര്‍ഷ പറയുന്നു.